
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. 180 റൺസിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സിൽ നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 587ന് മറുപടി പറഞ്ഞ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 407 റൺസിന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ തകർത്തത്.
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ചത്. 22 റൺസെടുത്ത ജോ റൂട്ടിനെയും റൺസെടുക്കും മുമ്പ് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മുഹമ്മദ് സിറാജ് ഇംഗ്ലീഷ് ടീമിന് ശക്തമായ തിരിച്ചടി നൽകി. അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോൾ ഇംഗ്ലണ്ട് സ്കോർ 84 റൺസ് മാത്രമായിരുന്നു. എന്നാൽ ഇംഗ്ലണ്ട് ബാറ്റർമാരായ ഹാരി ബ്രൂക്കിന്റെയും ജാമി സ്മിത്തിന്റെയും അഗ്രഷനും ഇംഗ്ലീഷ് ടീമിന്റെ സ്കോർബോർഡ് അതിവേഗം ചലിപ്പിച്ചു.
ആറാം വിക്കറ്റിൽ ബ്രൂക്ക് - സ്മിത്ത് സഖ്യം 303 റൺസ് കൂട്ടിച്ചേർത്തു. 207 പന്തിൽ 184 റൺസെടുത്ത ജാമി സ്മിത്ത് പുറത്താകാതെ നിന്നു. 21 ഫോറുകളും നാല് സിക്സറുകളും സഹിതമാണ് സ്മിത്തിന്റെ ഇന്നിങ്സ്. ഇംഗ്ലണ്ട് ബാറ്റർമാരിൽ ടോപ് സ്കോററായതും സ്മിത്താണ്. 234 പന്തിൽ 17 ഫോറും ഒരു സിക്സറും ഉൾപ്പെട്ടതായിരുന്നു ഹാരി ബ്രൂക്കിന്റെ ഇന്നിങ്സ്. 158 റൺസാണ് ഹാരി ബ്രൂക്ക് നേടിയത്. എന്നാൽ ഹാരി ബ്രൂക്ക് പുറത്തായതോടെ ഇംഗ്ലണ്ട് ഇന്നിങ്സ് പെട്ടന്നുതന്നെ അവസാനിച്ചു. 20 റൺസിനിടെയാണ് അവസാന അഞ്ച് വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായത്.
ഇന്ത്യൻ ബൗളിങ് നിരയിൽ മുഹമ്മദ് സിറാജും ആകാശ് ദീപുമാണ് തിളങ്ങിയത്. സിറാജ് ആറ് വിക്കറ്റുകളുമായി നിർണായക പ്രകടനം പുറത്തെടുത്തു. ആകാശ് ദീപ് നാല് വിക്കറ്റുകളും വീഴ്ത്തി.
Content Highlights: Siraj takes 6, Deep takes 4 as IND take 180-run lead, England 407 all out at Edgbaston