അമ്പയർ... എന്താണിയാള്‍ കാണിക്കുന്നത് !!! ബ്രൂക്കിനെതിരെ പരാതിയുമായി റിഷഭ് പന്ത്

19ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍

dot image

എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ തകർച്ചയുടെ വക്കിലാണ് ഇംഗ്ലണ്ട്. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ആതിഥേയര്‍ക്ക് 77 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. 30 റൺസുമായി ഹാരി ബ്രൂക്കും 18 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ.

ഇന്നലെ എഡ്ജ്ബാസ്റ്റൺ ചില നാടകീയ രംഗങ്ങൾക്ക് വേദിയായി. ക്രീസിൽ സമയം കൊല്ലാനായി ഓരോ പന്തിനു ശേഷവും ഒരുങ്ങാൻ ഏറെ നേരമെടുത്ത് കൊണ്ടിരുന്ന ഹാരി ബ്രൂക്കിനെതിരെ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് പരാതി ഉന്നയിച്ചു.

'അമ്പയർ എന്താണിയാൾ കാണിക്കുന്നത്? ഓരോ ബോളിന് ശേഷവും എത്ര സമയമാണ് ഒരുങ്ങാനെടുക്കുന്നത്. ബോളർ റെഡിയാണല്ലോ..' പന്ത് അമ്പയറോട് പറഞ്ഞു. ബ്രൂക്കിന്റെ ചെയ്തി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിനേയും ചൊടിപ്പിച്ചു. ഗില്ലും അമ്പയറോട് ഇക്കാര്യം സൂചിപ്പിക്കുന്നത് കാണാമായിരുന്നു. 19ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍

നേരത്തേ ബാറ്റിങ്ങിനിടെ ഗില്ലിനെ സ്ലെഡ്ജ് ചെയ്ത് കൊണ്ടിരുന്ന ബ്രൂക്കിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു ഗില്ലിന്‍റെ ട്രിപ്പിള്‍ സെഞ്ച്വറി തടയാനായി ബ്രൂക്ക് കളിച്ച മൈന്‍ഡ് ഗെയിം വിജയിച്ചതോടെയാണ് സോഷ്യല്‍ മീഡിയ ഇത് ആഘോഷമാക്കിയത്.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള രണ്ടാം ഓവറിൽ സ്ലിപ്പിൽ നിൽക്കുകയായിരുന്ന ബ്രൂക്ക് ഗില്ലിനെ സ്ലഡ്ജ് ചെയ്യാന്‍ ആരംഭിച്ചു. '290 കഴിഞ്ഞാൽ പിന്നെ ക്രീസിൽ തുടരുന്നത് അത്ര എളുപ്പമല്ല' എന്നായിരുന്നു ബ്രൂക്കിന്റെ കമന്റ്.

ഉടൻ ഗില്ലിന്റെ മറുപടിയെത്തി. 'നിങ്ങൾക്ക് എത്ര ട്രിപ്പിൾ സെഞ്ച്വറികളുണ്ട്'. കമന്ററി ബോക്‌സിലുണ്ടായിരുന്ന മുൻ ഇംഗ്ലീഷ് നായകൻ മൈക്ക് ആതേർട്ടൺ അപ്പോൾ 2024 ൽ പാകിസ്താനെതിരെ ബ്രൂക്ക് നേടിയ ട്രിപ്പിൾ സെഞ്ച്വറിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു.

ഏതായാലും ബ്രൂക്കിന്റെ മൈൻഡ് ഗെയിമിൽ ഗിൽ വീണു. 143ാം ഓവറിലായിരുന്നു ഗില്ലും ബ്രൂക്കും തമ്മിൽ സംഭാഷണം അരങ്ങേറിയത്. തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തിൽ ഇന്ത്യൻ നായകൻ ടങ്ങിന് വിക്കറ്റ് നല്‍കി മടങ്ങി.

Story highlight : Time wasting: Rishabh Pant complains to umpire against Harry Brook

dot image
To advertise here,contact us
dot image