സഞ്ജു പോയാലെന്താ? രാജസ്ഥാന്റെ അണിയറയില്‍ പകരക്കാരന്‍ സ്റ്റോക്കുണ്ട്! വൈഭവിന്റെ 'ദക്ഷിണാഫ്രിക്കന്‍ വേര്‍ഷന്‍'

സഞ്ജുവിന്റെ പകരക്കാരനായി മറ്റൊരു താരത്തെ ആരാധകര്‍ ഉറപ്പിച്ചുകഴിഞ്ഞു

dot image

2025 സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസന്‍റെ കൂടുമാറ്റത്തെക്കുറിച്ച ചര്‍ച്ചകളാണ് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ നിറയേ. അടുത്ത സീസണില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഭ്യൂഹങ്ങള്‍ ശക്തമാകവേ സഞ്ജുവിന്റെ റോളില്‍ രാജസ്ഥാന് വേണ്ടി ആര് കളിക്കുമെന്ന ചോദ്യവും ആരാധകര്‍ക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞു.

സഞ്ജുവിന്റെ പകരക്കാരനായി മറ്റൊരു താരത്തെ ആരാധകര്‍ മനസില്‍ കാണുന്നത്. ദക്ഷിണാഫ്രിക്കയുടെ യുവതാരം ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്. സഞ്ജുവിന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറില്‍ തകര്‍ത്തടിക്കുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു പ്രെട്ടോറിയസ്.

രാജസ്ഥാന്‍ നിരയിലെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയുടെ ദക്ഷിണാഫ്രിക്കന്‍ വേര്‍ഷനെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് 19കാരനായ പ്രെട്ടോറിയസ്. ദിവസങ്ങള്‍ക്ക് മുമ്പ് സിംബാബ്വെയ്‌ക്കെതിരായ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് പ്രെട്ടോറിയസ് ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നാലാം നമ്പറിലിറങ്ങി അഗ്രസീവ് ഇന്നിങ്സാണ് ഇടംകൈയന്‍ ബാറ്റര്‍ കാഴ്ചവച്ചത്. 160 പന്തില്‍ 11 ഫോറും നാലു സിക്സറുമടക്കം 153 റണ്‍സ് വാരിക്കൂട്ടിയായിരുന്നു പ്രെട്ടോറിയസിന്‍റെ മടക്കം.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി പ്രെട്ടോറിയസ്. 19 വയസ്സും 93 ദിവസവുമാണ് താരത്തിന്‍റെ പ്രായം. 21 വയസ്സും 35 ദിവസവും പ്രായമുള്ളപ്പോള്‍ സെഞ്ച്വറി നേടിയ ജാക്‌സ് റുഡോള്‍ഫിന്റെ റെക്കോര്‍ഡാണ് പ്രെട്ടോറിയസ് പഴങ്കഥയാക്കിയത്.

പോയ സീസണിലാണ് രാജസ്ഥാന്‍ പ്രെട്ടോറിയസിനെ സ്വന്തമാക്കിയത്. പരിക്കേറ്റ നിതീഷ് റാണയ്ക്ക് പകരക്കാരനായിട്ടായിരുന്നു രാജസ്ഥാന്‍ റോയല്‍സ് 30 ലക്ഷത്തിന് ലുയാന്‍-ഡ്രെ പ്രെട്ടോറിയസിനെ സൈന്‍ ചെയ്തത്.

2025ലെ SA20 ലീഗില്‍ 12 മത്സരങ്ങളില്‍ നിന്ന് 166.80 സ്‌ട്രൈക്ക് റേറ്റില്‍ 397 റണ്‍സ് നേടിയാണ് താരം ക്രിക്കറ്റ് ലോകത്ത് തന്‍റെ വരവറിയിച്ചത്. സണ്‍റൈസേഴ്സ് ഈസ്റ്റേണ്‍ കേപ്പിനെതിരെ പാള്‍ റോയല്‍സിനായി 51 പന്തില്‍ 97 റണ്‍സ് നേടിയത് സീസണിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനും പ്രെട്ടോറിയസായിരുന്നു.

Content Highlights: Lhuan-dre Pretorius, Fans found Sanju Samson's Replacement in Rajasthan Royals

dot image
To advertise here,contact us
dot image