ക്യാപ്റ്റൻസി മികവിൽ സ്റ്റോക്സിന്റെ റെക്കോർഡ് ഉയരുന്നു; 250ലധികം റൺസ് പിന്തുടർന്ന് വിജയിച്ചത് ആറാം തവണ

ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ സ്റ്റോക്സ് നായകനായ ശേഷം 11 തവണയാണ് ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്തത്

dot image

ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ മികച്ച വിജയം നേടിയതോടെ ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് തന്റെ ക്യാപ്റ്റൻസി റെക്കോർഡുകൾ ഉയർത്തുകയാണ്. സ്റ്റോക്സ് നായകനായ ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇം​ഗ്ലണ്ട് 250ലധികം റൺസ് പിന്തുടർന്ന് വിജയിച്ചത് ഇത് ആറാം തവണയാണ്. ഇം​ഗ്ലണ്ട് ടീം ഈ നേട്ടങ്ങളെല്ലാം സ്വന്തം മണ്ണിലാണ് നേടിയത്. എങ്കിലും ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് തവണയിൽ കൂടുതൽ മറ്റ് ടീമുകൾക്ക് 250ലധികം വരുന്ന വിജയലക്ഷ്യം പിന്തുടർന്ന് വിജയിക്കാൻ സാധിച്ചിട്ടില്ലെന്നതാണ് മറ്റൊരു ചരിത്രം.

ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ സ്റ്റോക്സ് നായകനായ ശേഷം 11 തവണയാണ് ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്തത്. ഇതിൽ എട്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിനായിരുന്നു വിജയം. രണ്ട് മത്സരങ്ങളിൽ മാത്രമാണ് പരാജയപ്പെട്ടത്. ഒരു മത്സരം സമനിലയായി.

ഇന്ത്യയ്ക്കെതിരെ ലീഡ്സിൽ നടന്ന ഒന്നാം ടെസ്റ്റിൽ അഞ്ച് വിക്കറ്റിന്റെ വിജയമാണ് ഇം​ഗ്ലണ്ട് സംഘം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റൺസ് നേടി. ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ 147, റിഷഭ് പന്ത് 134, യശസ്വി ജയ്സ്വാൾ 101 എന്നിവരുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ട് 465 റൺസ് സ്വന്തമാക്കി. 106 റൺസെടുത്ത ഒലി പോപ്പും 99 റൺസുമായി ഹാരി ബ്രൂക്കും ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ച് വിക്കറ്റെടുത്ത ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യൻ ബൗളിങ് സംഘത്തിൽ തിളങ്ങിയത്. ഒന്നാം ഇന്നിങ്സിൽ ആറ് റൺസിന്റെ ലീഡ് നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.

രണ്ടാം ഇന്നിങ്സിൽ 364 റൺസിലാണ് ഇന്ത്യൻ സംഘം ഓൾഔട്ടായത്. കെ എൽ രാഹുൽ 137 റൺസോടെയും റിഷഭ് പന്ത് 118 റൺസെടുത്തും ഇന്ത്യൻ നിരയിൽ തിളങ്ങി. 371 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യൻ സംഘം രണ്ടാം ഇന്നിങ്സിൽ ഇം​ഗ്ലണ്ടിന് മുന്നിൽ വെച്ചത്. വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഇം​ഗ്ലണ്ട് മത്സരത്തിന്റെ അവസാന ദിവസം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 149 റൺസെടുത്ത ബെൻ ഡക്കറ്റിന്റെയും 65 റൺസെടുത്ത സാക്ക് ക്രൗളിയുടെയും പുറത്താകാതെ 53 റൺസെടുത്ത ജോ റൂട്ടിന്റെയും പ്രകടനം ഇം​ഗ്ലണ്ട് വിജയത്തിൽ നിർണായകമായി.

Content Highlights: England, under Ben Stokes, have now successfully chased a 250+ target in test cricket six times

dot image
To advertise here,contact us
dot image