
ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനല്‍ നാളെയാണ് ആരംഭിക്കുന്നത്. നിലവിലെ കിരീടം നിലനിർത്താനാണ് ഓസീസ് ഇറങ്ങുന്നതെങ്കിൽ കാലങ്ങളായുള്ള കിരീടശാപം മാറ്റാനാണ് പ്രോട്ടീസ് ലക്ഷ്യമിടുന്നത്. കിരീടം നേടുന്ന ടീം ഏതായാലും കോടികണക്കിന് രൂപയാണ് പ്രൈസ് മണിയായി ലഭിക്കുക.
ഇത്തവണ കിരീടം ചൂടുന്ന ടീമിന് ലഭിക്കുന്ന സമ്മാന തുകയിൽ ഗണ്യമായ വർധനവുണ്ട്. ലോർഡ്‌സിലെ ആവേശ ഫൈനലിൽ കിരീടം ചൂടുന്നവർക്ക് 30 കോടി രൂപയിലധികമാണ് സമ്മാനമായി ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 18 കോടിയോളം രൂപയാണ് സമ്മാനത്തുക. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനൽ കാണാതെ പുറത്തായെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിനും വലിയ പ്രതിഫലം ലഭിക്കും. ഏതാണ്ട്
12.32 കോടി രൂപയാണ് ഇന്ത്യൻ ടീമിന് ലഭിക്കുകയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ തവണ കിരീടം ചൂടിയ ഓസ്ട്രേലിയൻ ടീമിന് ലഭിച്ച തുകയ്ക്ക് ഏറെക്കുറെ തുല്യമാണിത്. കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാംപ്യൻഷിപ് സീസണുകളിലും രണ്ടാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക്, ഇത്തവണ ഫൈനലിൽ ഇടംപിടിക്കാനായിരുന്നില്ല. നേരിയ വ്യത്യാസത്തിൽ ഫൈനലിൽ ഇടം നഷ്ടമായ ഇന്ത്യ ഇത്തവണ മൂന്നാം സ്ഥാനത്താണ് ചാംപ്യൻഷിപ്പ് പൂർത്തിയാക്കിയത്.
Content Highlights: prize money of world test championship 2025