'സ്വന്തം മകനാണെങ്കില്‍ പോലും കോഹ്‌ലി അങ്ങനേ പെരുമാറൂ'; മുഷീറിനെതിരായ 'വാട്ടർ ബോയ്' പരാമർ‌ശത്തിൽ മുൻ താരം

'​ഗ്രൗണ്ടിൽ എപ്പോഴും മത്സരബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ് വിരാട് കോഹ്ലി'

dot image

പഞ്ചാബ് കിംഗ്‌സിന്റെ യുവതാരം മുഷീര്‍ ഖാനെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സൂപ്പര്‍ താരം വിരാട് കോഹ്‌ലി 'വാട്ടര്‍ ബോയ്' എന്ന് വിളിച്ച് പരിഹസിച്ച സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം അതുല്‍ വാസന്‍. സ്വന്തം മകനാണെങ്കിലും കോഹ്‌ലി അങ്ങനെത്തന്നെയായിരിക്കും പെരുമാറുകയന്നാണ് അതുല്‍ വാസന്‍ നിലപാട് വ്യക്തമാക്കിയത്.

'​ഗ്രൗണ്ടിൽ എപ്പോഴും മത്സരബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണ് വിരാട് കോഹ്ലി. സ്വന്തം മകനെതിരെയാണ് കളിക്കുന്നതെങ്കിലും കോഹ്ലിയുടെ ആത്യന്തിക ലക്ഷ്യമെന്നത് വിജയം മാത്രമായിരിക്കും. അതിൽ ആരും മോശം വിചാരിച്ചിട്ട് കാര്യമില്ല. കളിക്കുന്ന സമയത്ത് എല്ലാവരെയും തനിക്കൊത്തെ എതിരാളികളായിട്ടാണ് എല്ലാവരും കാണുക. അത്രയും മത്സരബുദ്ധിയോടെ കളിക്കുന്നവരിൽനിന്ന് ഒരിഞ്ചു പോലും വിട്ടുവീഴ്ച പ്രതീക്ഷിക്കരുത്. വിട്ടുവീഴ്ച ചെയ്യുകയുമരുത്’, അതുൽ വാസൻ പറഞ്ഞു.

‘‘ഒരു കാര്യം നിർബന്ധമാണ്. സ്ലെഡ്ജിങ് ഒരിക്കലും കയ്യാങ്കളിക്കോ മറ്റോ കാരണമാകരുത്. ഓരോരുത്തരും പരിധികൾക്കുള്ളിൽനിന്ന് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കട്ടെ’, വാസൻ പറഞ്ഞു.

ഐപിഎല്ലിൽ പഞ്ചാബ് കിം​ഗ്സും റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവും തമ്മിലുള്ള ഒന്നാം ക്വാളിഫയർ പോരാട്ടത്തിനിടെയായിരുന്നു വിവാദപരമായ സംഭവം. പഞ്ചാബ് കിങ്സ് ബാറ്റർ മുഷീർ ഖാനെ വാട്ടർബോയ് എന്ന് വിളിച്ച് പരിഹസിച്ച കോഹ്‍ലിക്ക് നേരെ ആരാധകർ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് കനത്ത ബാറ്റിങ് തകർച്ചയെയാണ് നേരിട്ടത്. 60 റൺസിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായതോടെ പഞ്ചാബ് കിങ്സ് ഇംപാക്ട് താരത്തെ കളത്തിലെത്തിച്ചു. പ്രഭ്സിമ്രാൻ സിങ്ങിനെ പിൻവലിച്ച് ഇന്ത്യൻ യുവതാരം മുഷീർ ഖാനെയാണ് പഞ്ചാബ് ഇംപാക്ട് താരമായി ക്രീസിലേക്കയച്ചത്. ആർസിബി സ്പിന്നർ സുയാഷ് ശർമയുടെ ബൗളിങ്ങിനെ നേരിടാനൊരുങ്ങുന്ന മുഷീറിനെതിരെ സ്ലിപ്പിൽ നിൽക്കുകയായിരുന്ന കോഹ്‍ലി വാട്ടർ ബോയിയെ ബാറ്റിങ്ങിന് അയക്കുന്നുവോയെന്ന് ചോദിച്ചുവെന്നാണ് സമൂഹമാധ്യമങ്ങളിലെ ആരാധകർ ചൂണ്ടികാട്ടുന്നത്.

Content Highlights: Virat Kohli is competitive, would like to win vs own baby: Atul Wassan on Musheer incident

dot image
To advertise here,contact us
dot image