വിവാഹത്തിനൊരുങ്ങി റിങ്കു സിങ് ; വധു 26 കാരിയായ ലോക്സഭാ എംപി; പ്രിയ സരോജിനെ കുറിച്ചറിയാം!

ജൂൺ എട്ടിന് ലഖ്‌നൗവിൽ വെച്ച് ഇരുവരും തമ്മിൽ വിവാഹനിശ്ചയം നടക്കും.

dot image

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് വിവാഹിതനാകുന്നു എന്നതാണ് ക്രിക്കറ്റ് ലോകത്ത് നിന്നും വരുന്ന പുതിയ വാർത്ത. സമാജ്‌വാദി പാർട്ടി എംപി‍ പ്രിയ സരോജാണ് വധു. ജൂൺ എട്ടിന് ലഖ്‌നൗവിൽ വെച്ച് ഇരുവരും തമ്മിൽ വിവാഹനിശ്ചയം നടക്കും.

റിങ്കു സിങ്ങിന്റെ സ്വദേശമായ ഉത്തർപ്രദേശിൽനിന്നുള്ള സമാജ്‌വാദി പാർട്ടി എംപി‍യാണ് പ്രിയ സരോജ്. ഇരുപത്താറുകാരിയായ പ്രിയ, ഇന്ത്യയിലെ തന്നെ പ്രായം കുറഞ്ഞ എംപിമാരിൽ ഒരാൾ കൂടിയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുതിർന്ന നേതാവ് ബി.പി. സരോജിനെ 35,000ൽ അധികം വോട്ടുകൾക്കു തോൽപ്പിച്ചാണ് സമാജ്‌വാദി പാർട്ടി ടിക്കറ്റിൽ പ്രിയ ലോക്സഭയിലെത്തിയത്.

സമാജ്‌വാദി പാർട്ടി നേതാവും ഒന്നര പതിറ്റാണ്ടായി ഉത്തർപ്രദേശ് നിയമസഭയിൽ അംഗവുമായ പിതാവ് തുഫാനി സരോജിന്റെ പാത പിന്തുടർന്നാണ് പ്രിയ സരോജ് രാഷ്ട്രീയക്കളത്തിൽ എത്തുന്നത്. അതിനു മുൻപ് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷകയായിരുന്നു പ്രിയ. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവിനായി പ്രചാരണരംഗത്ത് ഇറങ്ങിയതോടെയാണ് പ്രിയ ശ്രദ്ധേയയാകുന്നത്.

രുവരും വിവാഹിതരായേക്കുമെന്ന അഭ്യൂഹങ്ങൾ കുറച്ചുനാളായി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. വിവാഹക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നതായി പ്രിയയുടെ പിതാവും സമാജ്‌വാദി പാർട്ടി എംഎൽഎയുമായ തുഫാനി സരോജ് ഇക്കഴിഞ്ഞ ജനുവരിയിൽ വെളിപ്പെടുത്തുകയും ചെയ്തു. ഒരു പൊതുസുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

2023ലെ ഐപിഎൽ സീസണിൽ കൊൽക്കത്തയ്‌ക്കായി പുറത്തെടുത്ത മിന്നുന്ന പ്രകടനത്തിലൂടെയാണ് റിങ്കു സിങ് ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധാകേന്ദ്രമായത്. ആ സീസണിൽ ഗുജറാത്ത് ടൈറ്റൻസ് താരം യഷ് ദയാലിനെതിരെ ഒരു ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകളുമായി കയ്യടി നേടി. തുടർന്ന് ഇതുവരെ ഇന്ത്യയ്ക്കായി രണ്ട് ഏകദിനങ്ങളും 33 ട്വന്റി20 മത്സരങ്ങൾ കളിച്ചു. ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന റിങ്കു 13 മത്സരങ്ങളിൽനിന്ന് 306 റൺസ് നേടിയിരുന്നു. നിലവിലെ ചാംപ്യൻമാരായ കൊൽക്കത്ത ഇത്തവണ പ്ലേഓഫ് കാണാതെ പുറത്തായി.

Content Highlights: Indian Cricketer Rinku Singh To Get Engaged To Politician Priya Saroj On June 8

dot image
To advertise here,contact us
dot image