ഫിഫ്റ്റിയുമായി കോഹ്‌ലി, തീപടര്‍ത്തി ജിതേഷ്; ലഖ്‌നൗവിനെ വീഴ്ത്തി ആര്‍സിബി ക്വാളിഫയര്‍ വണ്ണില്‍

ലഖ്‌നൗവിനെതിരായ വിജയത്തോടെ 14 മത്സരങ്ങളില്‍ 19 പോയിന്റുമായി ആര്‍സിബി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. നിര്‍ണായക പോരാട്ടത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ആര്‍സിബി സ്വന്തമാക്കിയത്. ലഖ്‌നൗ ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ആര്‍സിബി മറികടന്നു.

ലഖ്‌നൗവിനെതിരായ വിജയത്തോടെ 14 മത്സരങ്ങളില്‍ 19 പോയിന്റുമായി ആര്‍സിബി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ഇതോടെ ക്വാളിഫയര്‍ വണ്ണില്‍ ആര്‍സിബി പഞ്ചാബ് കിംഗ്‌സിനെ നേരിടും. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആര്‍സിബി ഐപിഎല്‍ ക്വാളിഫയര്‍ വണ്ണിന് യോഗ്യത നേടുന്നത്.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വേണ്ടി വിരാട് കോഹ്‌ലിയും ജിതേഷ് ശര്‍മയും അര്‍ധ സെഞ്ച്വറി നേടി. ജിതേഷ് ശര്‍മ്മയും മായങ്ക് അഗര്‍വാളും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നേടിയ 107 റണ്‍സാണ് ബെംഗളൂരുവിന്റെ വിജയം അനായാസമാക്കിയത്.

ലഖ്‌നൗവിനെതിരെ മികച്ച തുടക്കമാണ് ആര്‍സിബി ഓപണര്‍മാര്‍ ടീമിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഫിലിപ്പ് സാള്‍ട്ട്‌കോഹ്‌ലി സഖ്യം 61 റണ്‍സ് നേടി. 19 പന്തില്‍ 30 റണ്‍സെടുത്ത് സാള്‍ട്ടിനെ ആറാം ഓവറില്‍ ആകാശ് മഹാരാജ് മടക്കി. തുടര്‍ന്ന് ക്രീസിലെത്തിയ രജത് പട്ടിദാറിന് (14) അധികനേരം ക്രീസില്‍ തുടരാന്‍ സാധിച്ചില്ല. വില്യം ഒറൂര്‍ക്കാണ് രജതിനെ പുറത്താക്കിയത്. തൊട്ടടുത്ത പന്തില്‍ ലിയാം ലിവിംഗ്സ്റ്റണെ (0) ഗോള്‍ഡന്‍ ഡക്ക് ആക്കി ഒറൂര്‍ക്ക് ആര്‍സിബിയെ പ്രതിരോധത്തിലാക്കി. മൂന്നിന് 90 റണ്‍സ് എന്ന നിലയിലായി ആര്‍സിബി.

വൈകാതെ കോഹ്ലിയും മടങ്ങി. 30 പന്തില്‍ 10 ബൗണ്ടറികള്‍ സഹിതം 54 റണ്‍സെടുത്ത കോഹ്‌ലിയെ ആവേശ് ഖാനായിരുന്നു മടക്കിയത്. എന്നാല്‍ ജിതേഷ് (33 പന്തില്‍ പുറത്താവാതെ 55)- മായങ്ക് (21 പന്തില്‍ 41) സഖ്യത്തിന്റെ കൂട്ടുകെട്ട് ആര്‍സിബിക്ക് വിജയം സമ്മാനിച്ചു. 107 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ഇരുവരും പുറത്താവാതെ നില്‍ക്കുകയായിരുന്നു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് അടിച്ചെടുത്തിരുന്നു. ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ലഖ്‌നൗവിന് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. വണ്‍ഡൗണ്‍ ആയി എത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ സെഞ്ച്വറിയാണ് ലഖ്നൗവിന് കരുത്തായത്. 61 പന്തില്‍ 118 റണ്‍സുമായി പുറത്താകാതെ ഫോമില്‍ ബാറ്റുവീശിയ പന്താണ് ടീമിനെ ഈ സ്‌കോറിലേക്ക് എത്തിച്ചത്.

Content Highlights: IPL 2025: Jitesh stars as Royal Challengers Bengaluru chase down 228-run target

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us