'ഇനി ധോണിക്ക് പ്രസക്തിയില്ല'; സഞ്ജുവിന്റെ CSK യിലേക്കുള്ള വരവിനെ കുറിച്ച് ഡിവില്ലിയേഴ്സ്

രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ ചെന്നൈ ടീമിലെത്തിയതോടെ ടീമിലെ ധോണിയുടെ സ്ഥാനം എവിടെയാണെന്ന ചോദ്യത്തിന് ധോണിക്ക് ഇനി ആ ടീമിൽ പ്രസക്തിയില്ലെന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ മറുപടി

'ഇനി ധോണിക്ക് പ്രസക്തിയില്ല'; സഞ്ജുവിന്റെ CSK യിലേക്കുള്ള വരവിനെ കുറിച്ച്  ഡിവില്ലിയേഴ്സ്
dot image

ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സിൽ എം എസ് ധോണിയുടെ റോളിനെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ച് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ എബി ഡിവില്ലിയേഴ്സ്. രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു സാംസൺ ചെന്നൈ ടീമിലെത്തിയതോടെ ടീമിലെ ധോണിയുടെ സ്ഥാനം എവിടെയാണെന്ന ചോദ്യത്തിന് ധോണിക്ക് ഇനി ആ ടീമിൽ പ്രസക്തിയില്ലെന്നായിരുന്നു ഡിവില്ലിയേഴ്സിന്റെ മറുപടി. സഞ്ജുവും റുതുരാജും ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മുന്നോട്ടുനയിക്കാന്‍ എന്തുകൊണ്ടും യോഗ്യരാണെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.

കഴിഞ്ഞ രണ്ട് സീസണുകളിലായി ധോണി എട്ടാം നമ്പറിലോ ഒൻപതാം നമ്പറിലോ ആണ് ബാറ്റിംഗിന് ഇറങ്ങുന്നത്. ടീമിനെ നയിക്കുന്നതുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ ധോണി പ്ലേയിംഗ് ഇലവനിൽ തുടരുന്നത് ശരിയായ കാരണങ്ങൾക്കൊണ്ടാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് ഡിവില്ലിയേഴ്സ് സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കരിയറിന്‍റെ അവസാന കാലത്ത് വിരമിക്കണോ അതോ തുടരണോ എന്ന ആശയക്കുഴപ്പത്തിലായതുപോലെയാണ് ധോണിയുടെ കാര്യമെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു. ധോണിയെ ഒരിക്കലും അത്തരമൊരു സാഹചര്യത്തില്‍ കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിരമിച്ചാലും ധോണിക്ക് ടീമിനൊപ്പം മെന്‍ററായി തുടരാമല്ലോ എന്നും ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

ധോണി ക്യാപ്റ്റനല്ലെങ്കിൽ, ബാറ്റിംഗ് ഓർഡറിൽ ഇത്രയും താഴെയാണ് വരുന്നതെങ്കിൽ ഒരു സ്ഥാനം വെറുതെ പൂരിപ്പിക്കുന്നത് പോലെയാണ് അത്. വ്യക്തിയല്ല, ടീമാണ് കിരീടം നേടുന്നത്. റിതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ധോണിയിൽ നിന്ന് ആ സ്ഥാനം ഏറ്റെടുക്കാൻ ഏറ്റവും അനുയോജ്യരായ താരങ്ങളാണ്-ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു. എന്നാൽ ഡിവില്ലിയേഴ്സിന്‍റെ വാദങ്ങളെ മുൻ സിഎസ്‌കെ താരം ചേതേശ്വർ പൂജാര എതിർത്തു. ധോണിയെ ബാറ്റിംഗ് ഓർഡറിൽ കുറച്ചുകൂടി നേരത്തെ ഇറക്കിയാൽ അദ്ദേഹത്തിന് ഇപ്പോഴും മത്സരങ്ങൾ ഒറ്റയ്ക്ക് ജയിപ്പിക്കാൻ കഴിയുമെന്ന് പൂജാര പറഞ്ഞു.

dot image
To advertise here,contact us
dot image