
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ അവസാന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയം. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 83 റണ്‍സിന് വീഴ്ത്തിയാണ് ധോണിപ്പട സീസണ്‍ ഫിനിഷ് ചെയ്തത്. ചെന്നൈ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 18.3 ഓവറില്‍ 147 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
The 5⃣-time champs sign off from #TATAIPL 2025 with a convincing win 💛#CSK register a HUGE 83-run win over #GT 👏
— IndianPremierLeague (@IPL) May 25, 2025
Updates ▶ https://t.co/P6Px72jm7j#GTvCSK | @ChennaiIPL pic.twitter.com/ey9uNT3IqP
പ്ലേ ഓഫ് ഉറപ്പിച്ച ശേഷം ഗുജറാത്ത് തുടര്‍ച്ചയായി വഴങ്ങുന്ന രണ്ടാമത്തെ തോല്‍വിയാണിത്. ഇതോടെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നിന്ന് ഒരുപക്ഷേ അവര്‍ താഴേക്ക് പോകാനും സാധ്യതയുണ്ട്. അതേസമയം ജയത്തോടെ പോരാട്ടം അവസാനിപ്പിക്കാന്‍ സാധിച്ചതിന്റെ ആശ്വാസത്തിലാണ് ചെന്നൈ. സിഎസ്കെയുടെ സീസണിലെ നാലാം ജയമാണിത്.
ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടി. ഡെവോണ്‍ കോണ്‍വേയും ഡെവാള്‍ഡ് ബ്രെവിസും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി.
231 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ ഗുജറാത്തിനു നഷ്ടമായി. 9 പന്തില്‍ 13 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ ചെന്നൈ ബോളർമാർക്ക് സാധിച്ചത് നിർണായകമായി.
സായ് സുദര്‍ശനാണ് ടൈറ്റന്‍സിന്‍റെ ടോപ് സ്‌കോറര്‍. താരം 28 പന്തില്‍ 6 ഫോറുകള്‍ സഹിതം 41 റണ്‍സെടുത്തു മടങ്ങി. 15 പന്തില്‍ 2 സിക്സുകള്‍ സഹിതം 19 റണ്‍സെടുത്ത് ഷാരൂഖ് ഖാനും പൊരുതാനൊരുങ്ങിയെങ്കിലും അധികനേരം ക്രീസില്‍ തുടരാനായില്ല. അവസാന ഘട്ടത്തില്‍ അര്‍ഷാദ് ഖാനും കൂറ്റനടികളുമായി ഗുജറാത്തിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. താരം 14 പന്തില്‍ 3 സിക്സുകള്‍ സഹിതം 20 റണ്‍സെടുത്തു.
ബൗളിങില്‍ സിഎസ്‌കെയ്ക്കായി നൂര്‍ അഹമദ് മികവോടെ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 21 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. അന്‍ഷുല്‍ കാംബോജും ഗുജറാത്തിനെ വിറപ്പിച്ചു. താരം 2.3 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദ്, മതീഷ പതിരാന എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Content Highlights:IPL 2025: Chennai Super Kings thrashes Gujarat Titans by 83 runs to bow out on a high