
ട്വന്റി 20 ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി യുഎഇ ക്രിക്കറ്റ്. ഇതാദ്യമായി ഐസിസി ഫുൾമെമ്പർ ടീമിനെതിരെ യുഎഇ ട്വന്റി 20 പരമ്പര സ്വന്തമാക്കി. ബംഗ്ലാദേശിനെതിരെ പരമ്പര വിജയികളെ നിശ്ചയിക്കുന്ന മൂന്നാം ടി20 മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് യുഎഇ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ യുഎഇ ലക്ഷ്യത്തിലെത്തി. പരമ്പര 2-1നാണ് യുഎഇ സ്വന്തമാക്കിയത്.
നേരത്തെ ടോസ് നേടിയ യുഎഇ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് ബംഗ്ലാദേശിന് മികച്ച സ്കോർ നേടുന്നതിന് തടസമായത്. ഓപണർ തൻസീദ് ഹസൻ 40, ആറാം നമ്പറിൽ ക്രീസിലെത്തിയ ജാക്കർ അലി 41 എന്നിവരാണ് ബാറ്റർമാരിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. 10-ാം വിക്കറ്റിൽ ഹസൻ മഹ്മുദും ഷൊറിഫുൾ ഇസ്ലാമും ചേർന്ന് നേടി 34 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശ് സ്കോർ 150 കടത്തിയത്. മഹ്മുദ് 26 റൺസോടെയും ഷൊറിഫുൾ 16 റൺസോടെയും പുറത്താകാതെ നിന്നു. യു എ ഇ ബൗളിങ് നിരയിൽ ഹൈദർ അലി മൂന്ന് വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിങ്ങിൽ യു എ ഇയ്ക്കായി പുറത്താകാതെ 68 റൺസെടുത്ത് അലിഷാൻ ഷറഫൂ ടോപ് സ്കോററായി. പുറത്താകാതെ 41 റൺസ് നേടിയ ആസിഫ് ഖാന്റെ പ്രകടനവും നിർണായകമായി. ഇരുവരും ചേർന്ന പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 87 റൺസ് കൂട്ടിച്ചേർത്തു. സൊഹൈബ് ഖാൻ 29 റൺസും സംഭാവന ചെയ്തു.
Content Highlights: UAE to historic series win against Bangladesh