രോഹിത്തിന് പിന്നാലെ കോഹ്‌ലിയും വിരമിക്കാനൊരുങ്ങുന്നു? ബിസിസിഐയെ അറിയിച്ച് താരം

ഇക്കാര്യത്തിൽ കോഹ്‌ലി അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

dot image

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു വിരമിക്കല്‍ പ്രഖ്യാപനം കൂടി ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മയ്ക്ക് പിന്നാലെ സ്റ്റാർ ബാറ്ററും മുൻ ക്യാപ്റ്റനുമായ വിരാട് കോഹ്ലിയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണ്. വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആ​ഗ്രഹിക്കുന്നെന്ന് കോഹ്ലി ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

എന്നാൽ നിര്‍ണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കവെ വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ താരത്തോട് അഭ്യർഥിച്ചിരിക്കുകയാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ കോഹ്‌ലി അന്തിമ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകളുടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലാണ് വിരാട് കോഹ്ലി ഇന്ത്യക്കു വേണ്ടി അവസാനമായി വെള്ളക്കുപ്പായത്തിൽ കളിച്ചത്. ഈ പരമ്പരയില്‍ പ്രതീക്ഷയ്ക്കൊത്ത് തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നും 23.75 ശരാശരിയില്‍ വെറും 190 റണ്‍സ് മാത്രമേ കോഹ്ലിക്കു സ്‌കോര്‍ ചെയ്യാനായുള്ളൂ. ഒരു സെഞ്ച്വറി അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചെങ്കിലും ബാക്കിയുള്ള ഇന്നിങ്‌സുകളിലെല്ലാം വന്‍ പരാജയമായി മാറി.

2014ലാണ് കോഹ്ലി ഇന്ത്യയുടെ ടെസ്റ്റ് ടീം ക്യാപ്റ്റനായത്. ഇന്ത്യയുടെ എറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്നാണ് താരം അറിയപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര കോഹ്ലിയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ നേടിയത്. 60 മത്സരങ്ങള്‍ കോഹ്ലിക്ക് കീഴില്‍ ഇന്ത്യന്‍ ടീം കളിച്ചപ്പോള്‍ അതില്‍ 40 ടെസ്റ്റുകളിലും ജയിക്കാനായി. 17 മത്സരങ്ങള്‍ മാത്രമാണ് തോറ്റത്. 11 എണ്ണം സമനിലയിലായി.

Content Highlights: Virat Kohli wants to announce retirement from Test cricket, informs BCCI 

dot image
To advertise here,contact us
dot image