
ഇന്ത്യ-പാക് സംഘര്‍ഷം തുടരുന്നതിനിടെ പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചു. ടൂര്‍ണമെന്റിന് വേദിയാകാന്‍ യുഎഇ തയ്യാറാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചതായി പിസിബി അറിയിച്ചത്.
ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പിഎസ്എല്ലുപോലുള്ള ഒരു ടൂര്‍ണമെന്റിന് വേദിയാകുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തുമെന്ന ആശങ്ക യുഎഇ ബോര്‍ഡിനുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ബിസിസിഐയുമായി അടുത്ത ബന്ധമാണ് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വച്ചുപുലര്‍ത്തുന്നത്.
ഐപിഎല്‍ മത്സരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളും യുഎഇയില്‍ വച്ച് നടന്നിട്ടുണ്ട്. ഈ ഘട്ടത്തില്‍ പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് വേദിയാകാൻ യുഎഇ തയ്യാറായേക്കില്ലെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് പിന്നാലെ ടൂർണമെന്റ് അനിശ്ചിതകാലത്തേക്ക് മാറ്റാനുള്ള തീരുമാനം പിസിബി കൈക്കൊള്ളുകയായിരുന്നു.
സംഘർഷം ശക്തമായ സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിദേശ താരങ്ങള്‍ അസ്വസ്ഥരാകുകയും നാട്ടിലേക്ക് മടങ്ങണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. രാജ്യം വിടണമെന്ന ആവശ്യവുമായി വിദേശ താരങ്ങള്‍ രംഗത്തെത്തിയതോടെ പിസിബി സമ്മര്‍ദത്തിലാവുകയും ചെയ്തിരുന്നു.
Content Highlights: Pakistan Cricket Board announces PSL postponed indefinitely