ഐപിഎല്‍ പൂര്‍ത്തിയാക്കാന്‍ പ്ലാന്‍ ബി! ശേഷിക്കുന്ന മത്സരങ്ങള്‍ സൗത്തില്‍? നിര്‍ണായക നീക്കത്തിന് BCCI

ഒരാഴ്ചയ്ക്ക് ശേഷം മത്സരങ്ങള്‍ പുനഃരാരംഭിക്കുമെന്നുമാണ് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചത്

dot image

അതിര്‍ത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഐപിഎല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരാഴ്ചത്തേക്കാണ് മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. ടൂര്‍ണമെന്റ് പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടിട്ടില്ലെന്നും സ്ഥിതിഗതികള്‍ പരിശോധിക്കപ്പെട്ടതിന് പിന്നാലെ ഒരാഴ്ചയ്ക്ക് ശേഷം മത്സരങ്ങള്‍ പുനഃരാരംഭിക്കുമെന്നുമാണ് ബിസിസിഐ ഔദ്യോഗികമായി അറിയിച്ചത്.

ഒരാഴ്ചയിലെ ഇടവേളയ്ക്ക് ശേഷം ഐപിഎല്‍ വീണ്ടും ആരംഭിക്കുകയാണെങ്കില്‍ ടൂര്‍ണമെന്റ് നാല് വേദികളിലായി പൂര്‍ത്തിയാക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ശേഷിക്കുന്ന മത്സരങ്ങളുടെ വേദികളായി ദക്ഷിണേന്ത്യയിലെ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളെ ബിസിസിഐ പരിഗണിക്കുകയാണ്.

അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അയവ് വന്നാല്‍ മുന്‍നിശ്ചയിച്ച പ്രകാരം ടൂര്‍ണമെന്റുമായി മുന്നോട്ടുപോകാനും അല്ലാത്തപക്ഷം ഈ നാലു നഗരങ്ങളില്‍ മാത്രമായി മത്സരങ്ങള്‍ പരിമിതപ്പെടുത്തി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനുമാണ് ബിസിസിഐ ആലോചിക്കുന്നത്. സുരക്ഷാപരമായ കാരണങ്ങളാലാണ് ദക്ഷിണേന്ത്യന്‍ വേദികള്‍ക്ക് മുന്‍ഗണന നല്‍കുന്നത്.

ടൂര്‍ണമെന്റില്‍ ഇതുവരെ 57 മത്സരങ്ങളാണ് പൂര്‍ത്തിയായത്. ധര്‍മ്മശാലയില്‍ പഞ്ചാബ് കിംഗ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടക്കേണ്ടിയിരുന്ന 58-ാം മത്സരം 10.1 ഓവറിന് ശേഷം റദ്ദാക്കി. പാതിവഴിയില്‍ ഉപേക്ഷിച്ച ഈ മത്സരം ബിസിസിഐ വീണ്ടും നടത്തുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

ഇനി 12 ലീഗ് മത്സരങ്ങളും 4 പ്ലേ ഓഫ് മത്സരങ്ങളുമാണ് ബാക്കിയുള്ളത്. യഥാര്‍ത്ഥ ഷെഡ്യൂള്‍ അനുസരിച്ച് ഹൈദരാബാദിലാണ് ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. കൊല്‍ക്കത്തയില്‍ ക്വാളിഫയര്‍ 2, ഫൈനല്‍ മത്സരങ്ങളും നിശ്ചയിച്ചിരുന്നു.

Content Highlights: IPL Plan B Ready, South India Preferred To Host Remaining Games: Reports

dot image
To advertise here,contact us
dot image