ഗാം​ഗുലി മുതൽ രോഹിത് വരെ; ബോർഡർ-​​ഗവാസ്കർ ട്രോഫി വിരമിക്കലിലേക്ക് നയിച്ച ഇന്ത്യൻ താരങ്ങൾ

2008-2009 വർഷത്തിൽ ഇന്ത്യയിൽ നടന്ന ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ 2-0ത്തിന് ഇന്ത്യ വിജയം നേടിയിരുന്നു. എന്നാൽ പരമ്പരയ്ക്കിടെ ഇന്ത്യയുടെ രണ്ട് താരങ്ങൾ വിരമിച്ചു

dot image

ഓസ്ട്രേലിയക്കെതിരെ നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന ബോർഡർ-​ഗവാസ്കർ ട്രോഫി പരമ്പരയിലെ മോശം പ്രകടനം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ നിന്നുമുള്ള രോഹിത് ശർമയുടെ വിരമിക്കലിലേക്ക് നയിച്ചിരിക്കുകയാണ്. എന്നാൽ ഇതാദ്യമായല്ല ബോർഡർ-​ഗവാസ്കർ ട്രോഫി ഇന്ത്യൻ താരങ്ങളുടെ വിരമിക്കലിന് കാരണമാകുന്നത്. ഇന്ത്യൻ മുൻ നായകൻ സൗരവ് ​ഗാം​ഗുലി മുതൽ നിരവധി താരങ്ങളാണ് ബോർഡർ-​ഗാവസ്കർ ട്രോഫിയ്ക്കിടയിലും പരമ്പരയുടെ അവസാനവും വിരമിച്ചിട്ടുള്ളത്. ആ താരങ്ങൾ ഇവരാണ്.

2008-2009 വർഷത്തിൽ ഇന്ത്യയിൽ നടന്ന ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ 2-0ത്തിന് ഇന്ത്യ വിജയം നേടിയിരുന്നു. എന്നാൽ പരമ്പരയ്ക്കിടെ ഇന്ത്യയ്ക്ക് രണ്ട് താരങ്ങളെ നഷ്ടമായി. പരമ്പരയിലെ ആദ്യ ടെസ്റ്റിന് മുമ്പായി സൗരവ് ​ഗാം​ഗുലി വിരമിക്കൽ പ്രഖ്യാപിച്ചത് സഹതാരം സച്ചിൻ തെണ്ടുൽക്കറെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ​ഗാം​ഗുലിയിൽ ഒരുപാട് ക്രിക്കറ്റ് ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിത വിരമിക്കൽ തീരുമാനമെന്നായിരുന്നു സച്ചിന്റെ വാക്കുകൾ. പിന്നാലെ ഡൽഹിയിൽ നടന്ന രണ്ടാം ടെസ്റ്റ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ സ്പിന്നർ അനിൽ കുംബ്ലെയും ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ചു.

2011-12 ബോർഡർ-​ഗവാസ്കർ ട്രോഫിയിലാണ് ഇന്ത്യൻ ക്രിക്കറ്റിന് മറ്റ് രണ്ട് താരങ്ങളെ നഷ്ടമായത്. ഓസ്ട്രേലിയയിൽ നടന്ന പരമ്പരയിൽ ഇന്ത്യ 4-0ത്തിന് പരാജയപ്പെട്ടു. ഇതോടെ സീനിയർ താരങ്ങളായ രാഹുൽ ദ്രാവിഡും വി വി എസ് ലക്ഷ്മണും ക്രിക്കറ്റിൽ നിന്നും വിരമിച്ചു. 2014-2015 ബോർഡർ-​ഗവാസ്കർ ട്രോഫിയിലും ഇന്ത്യയുടെ സൂപ്പർതാരങ്ങളിൽ ഒരാൾ വിരമിച്ചു. ഇത്തവണ സാക്ഷാൽ മഹേന്ദ്ര സിങ് ധോണി ക്യാപ്റ്റൻ സ്ഥാനം ഉൾപ്പെടെ രാജിവെച്ചാണ് വിരമിക്കലിലേക്ക് നീങ്ങിയത്. പിന്നീട് ഏറെക്കാലം ഇന്ത്യയ്ക്കായിരുന്നു ബോർഡർ-​ഗവാസ്കർ ട്രോഫിയിൽ വിജയം.

ഒടുവിൽ 2024-25 ബോർഡർ-​ഗവാസ്കർ ട്രോഫിയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. ഇത്തവണ പരമ്പരയിലെ ആദ്യ ടെസ്റ്റിന് ശേഷം രവിചന്ദ്രൻ അശ്വിൻ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. മാസങ്ങൾക്ക് ശേഷം പരമ്പരയിലെ മോശം പ്രകടനം രോഹിത് ശർമയുടെ വിരമിക്കലിൽ എത്തിച്ചേർന്നു. ഒടുവിൽ വിരാട് കോഹ്‍ലി വരെ ടെസ്റ്റിൽ നിന്ന് വിരമിക്കാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ്.

Content Highlights: From Sourav Ganguly to Rohit Sharma: Indian stars Border-Gavaskar Trophy forced to retire

dot image
To advertise here,contact us
dot image