
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ സന്നദ്ധത അറിയിച്ച സൂപ്പർ താരം വിരാട് കോഹ്‍ലിയെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമവുമായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. 'ടെസ്റ്റ് ക്രിക്കറ്റിന് വിരാട് കോഹ്‍ലിയെ ആവശ്യമാണ്. യുവതലമുറയ്ക്ക് കോഹ്‍ലി പ്രോത്സാഹനമാകേണ്ടതുണ്ട്. വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ല. ഇനിയുള്ള കരിയറിൽ 60ന് മുകളിലാകും വിരാട് കോഹ്‍ലിയുടെ ബാറ്റിങ് ശരാശരി,' ബ്രയാൻ ലാറ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
നേരത്തെ വിരാട് കോഹ്‍ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കരുതെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മുൻ താരം അമ്പാട്ടി റായുഡുവും രംഗത്തെത്തിയിരുന്നു. 'ദയവായി വിരാട് കോഹ്‍ലി വിരമിക്കരുത്. ഇന്ത്യന്‍ ടീമിന് ഇപ്പോഴാണ് കോഹ്‍ലിയെ മുൻപത്തെക്കാളും ആവശ്യമുള്ളത്. താങ്കളിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ തിരിച്ചവരവിനായി വിരാടിന്റെ സാന്നിധ്യം ടീമിലുണ്ടാകണം. ദയവായി തീരുമാനം പുനപരിശോധിക്കുക,' റായുഡു സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.
കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വിരാട് കോഹ്‍ലിയെ വിരമിക്കൽ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ അഞ്ച് ടെസ്റ്റുകളിൽ നിന്നായി 190 റൺസ് മാത്രമാണ് കോഹ്‍ലിക്ക് നേടാൻ സാധിച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ സെഞ്ച്വറി നേട്ടത്തോടെയാണ് കോഹ്‍ലി തുടങ്ങിയത്. എന്നാൽ പിന്നീടുള്ള മത്സരങ്ങളിൽ താരത്തിന് തിളങ്ങാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ അഞ്ച് വർഷത്തിൽ വിരാട് കോഹ്‍ലിയുടെ ടെസ്റ്റ് ബാറ്റിങ് ശരാശരിയിലും വലിയ ഇടിവ് സംഭവിച്ചിരുന്നു. ഇക്കാലയളവിൽ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറികള്‍ ഉൾപ്പെടെ കോഹ്‍ലി നേടിയത് 1990 റണ്‍സ് മാത്രമാണ്. കരിയറിലാകെ 123 ടെസ്റ്റുകളിൽ നിന്ന് 9,230 റൺസ് മാത്രമാണ് കോഹ്‍ലിക്ക് നേടാൻ സാധിച്ചിട്ടുള്ളത്.
Content Highlights: Brian Lara Urges Kohli To Stay In Whites A Little Longer