'ഇന്ത്യൻ ക്രിക്കറ്റ് ആരുടെയും കുടുംബ സ്വത്തല്ല': ​ഗവാസ്കറിനെതിരെ ​ഗംഭീറിന്റെ പരോക്ഷ വിമർശനം

'ചിലർ ചില്ലു​ഗ്ലാസിലിരുന്ന് മറ്റുള്ളവരെ കല്ലെറിയുന്നു'

dot image

ഇന്ത്യൻ ക്രിക്കറ്റ് മുൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കറിനെ പരോക്ഷമായി വിമർശിച്ച് ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ​ഗൗതം ​ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് ആരുടെയും കുടുംബ സ്വത്തല്ലെന്നാണ് ​ഗവാസ്കറിന്റെ പേര് പറയാതെ ​ഗംഭീർ പ്രതികരിച്ചത്. 'ഞാൻ എട്ട് മാസമായി ഇന്ത്യൻ ടീമിന്റെ പരിശീലകനാണ്. വിജയങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ എന്ന വിമർശിക്കാം. അത് കേൾക്കാൻ‌ ഞാൻ ബാദ്ധ്യസ്ഥനാണ്. വിമർശങ്ങൾ സ്വഭാവികമായുണ്ടാകും. എന്നാൽ 25 വർഷമായി കമന്ററി ബോക്സിലിരിക്കുന്ന ചിലർ ഇന്ത്യൻ ക്രിക്കറ്റ് അവരുടെ കുടുംബ സ്വത്തായി കരുതുന്നു. എന്നാൽ അങ്ങനെയല്ല, ഇന്ത്യൻ ക്രിക്കറ്റ് 140 കോടി ഇന്ത്യക്കാരുടേതാണ്.' ഡൽഹിയിൽ എബിപി ന്യൂസിന്റെ ഇന്ത്യ അറ്റ് 2047 സമിറ്റിൽ ​ഗംഭീർ പ്രതികരിച്ചു.

'ചില ആളുകൾ എന്റെ പരിശീലനത്തെക്കുറിച്ചും ക്രിക്കറ്റ് കരിയറിനെക്കുറിച്ചും ചോദ്യം ഉന്നയിച്ചു. ചാംപ്യൻസ് ട്രോഫി കിരീടം നേട്ടത്തിൽ ലഭിച്ച സമ്മാനത്തുക എന്ത് ചെയ്തെന്ന് ചോദിക്കുന്നു. സമ്മാനത്തുക എന്ത് ചെയ്തെന്ന് ആരോടും എനിക്ക് പറയേണ്ട കാര്യമില്ല. പക്ഷേ ഈ രാജ്യം അറിയേണ്ട കാര്യങ്ങളുണ്ട്. ചിലർ ഇന്ത്യയിൽ പണം സമ്പാദിക്കുകയും അത് വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. ഞാനൊരു ഇന്ത്യക്കാരനാണ്. ടാക്സ് അടയ്ക്കുന്നതിൽ നിന്നും ഒഴിവാകാൻ ഞാൻ വിദേശത്ത് താമസിക്കുകയും ഇന്ത്യക്കാരനായി ജീവിക്കുകയും ചെയ്യുന്നില്ല.' ​​ഗംഭീർ കൂട്ടിച്ചേർത്തു.

'ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ലഭിച്ച സമ്മാനത്തുകയിൽ അന്നത്തെ ഇന്ത്യൻ പരിശീലകനായിരുന്ന രാഹുൽ ദ്രാവിഡ് കുറവ് വരുത്തിയിരുന്നു. അഞ്ച് കോടി രൂപയായിരുന്നു ദ്രാവിഡിന് സമ്മാനത്തുകയായി ലഭിച്ചത്. എന്നാൽ സഹപരിശീലകർക്ക് ലഭിച്ച സമ്മാനത്തുകയായ 2.5 കോടി രൂപ തനിക്കും നൽകിയാൽ മതിയെന്നായിരുന്നു ദ്രാവിഡിന്റെ അപേക്ഷ. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ​ഗവാസ്കർ ​ഗംഭീറിനെ വിമർശിച്ചത്. ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി പ്രവർത്തിച്ചു. എന്നാൽ ഇപ്പോഴത്തെ കോച്ചിന്റെ ഭാ​ഗത്ത് നിന്നും അത്തരമൊരു നടപടിയുണ്ടായില്ല.' ​ഗവാസ്കർ വ്യക്തമാക്കി.

ചാംപ്യൻസ് ട്രോഫിയിലെ സമ്മാനത്തുക എന്ത് ചെയ്തെന്ന് ആരോടും വിശദീകരിക്കേണ്ടതില്ലെന്നായിരുന്നു ​ഗവാസ്കറിന് ​ഗംഭീർ നൽകിയ മറുപടി. ചിലർ ചില്ലു​ഗ്ലാസിലിരുന്ന് മറ്റുള്ളവരെ കല്ലെറിയുന്നു. ​ഗംഭീർ വ്യക്തമാക്കി.

Content Highlights: Gautam Gambhir Blasts Critics on Champions Trophy Prize money

dot image
To advertise here,contact us
dot image