
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും നായകസ്ഥാനം ഒഴിഞ്ഞതിൽ പ്രതികരണവുമായി സൂപ്പർതാരം വിരാട് കോഹ്‍ലി. മായന്തി ലാംഗറുമായുള്ള പോഡ്കാസ്റ്റിലാണ് കരിയറിലെ മോശം സമയത്തെക്കുറിച്ച് കോഹ്‍ലി മനസുതുറന്നത്. പ്രതീക്ഷകളുടെ അമിതഭാരം തനിക്ക് താങ്ങാൻ കഴിഞ്ഞില്ലെന്നാണ് കോഹ്‍ലിയുടെ വാക്കുകൾ.
'ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെക്കുറിച്ച് ഞാൻ മുമ്പും സംസാരിച്ചിട്ടുണ്ട്. ഒരേസമയം ഞാൻ ഇന്ത്യൻ ടീമിന്‍റെയും ആർസിബിയുടെയും ക്യാപ്റ്റനായിരുന്നു. പ്രതീക്ഷകളുടെ അമിതഭാരം തന്നെ തളര്‍ത്തിയിരുന്നു. ഏഴ്-എട്ട് വർഷം ഞാൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു. ഒമ്പത് സീസണുകളിൽ റോയൽ ചലഞ്ചേഴ്സ് നായകനായിരുന്നു. വ്യക്തിപരമായ കാര്യങ്ങളിൽ എനിക്ക് ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ചിലപ്പോഴൊക്കെ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ബുദ്ധിമുട്ടി. ബാറ്റിങ്ങിൽ മികച്ച പ്രകടനം തുടരണമെങ്കിൽ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി സാധാരണ കളിക്കാരനാകുകയാവും നല്ലതെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു.' കോഹ്‍ലി പ്രതികരിച്ചു.
'എന്‍റെ കരിയറിലെ ഏറ്റവും മികച്ച വർഷങ്ങളിൽ ആർസിബി വിട്ട് മറ്റ് ടീമുകളില്‍ അവസരം തേടാന്‍ ഞാന്‍ ആലോചിച്ചിരുന്നു. 2016-2019 കാലഘട്ടത്തില്‍ ആർസിബി വിടണമെന്ന് നിരന്തരം എനിക്ക് ഉപദേശങ്ങളും നിർദേശങ്ങളും ലഭിച്ചിരുന്നു. എന്‍റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.' കോഹ്‍ലി പറഞ്ഞു.
'ഇന്ത്യൻ ടീമിൽ ഞാൻ ഒരുപാട് നേട്ടങ്ങളുണ്ടാക്കി. ധാരാളം അംഗീകാരങ്ങളും എനിക്ക് ലഭിച്ചു. അപ്പോൾ ഞാൻ ഒരു കാര്യം സ്വയം ചോദിച്ചു. പുതിയൊരു ടീമിലേക്ക് പോയാൽ വീണ്ടുമൊരു കരിയർ കണ്ടെത്തേണ്ടതില്ലേ? അപ്പോഴാണ് ആർസിബിയുമായുള്ള ബന്ധം എത്രമാത്രം വിലപ്പെട്ടതാണെന്ന് ഞാൻ അറിഞ്ഞത്. വർഷങ്ങളായി ഉണ്ടാക്കിയെടുത്ത പരസ്പര ബഹുമാനം തുടരേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ജയിച്ചാലും തോറ്റാലും ആർസിബിയാണ് എന്റെ കുടുംബം', കോഹ്‍ലി വ്യക്തമാക്കി.
Content Highlights: Virat Kohli Finally Breaks Silence On Quitting As India, RCB Captain