
കഴിഞ്ഞ വർഷത്തെ വാർഷിക റാങ്കിങ് പുറത്തിറക്കി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഏകദിന, ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയാണ് ഒന്നാമത്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിലെ സമീപകാലത്തെ പരാജയങ്ങൾ കനത്ത തിരിച്ചടിക്ക് കാരണമായി. ബോർഡർ-ഗവാസ്കർ ട്രോഫി, നാട്ടിൽ നടന്ന ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര എന്നിവ കൈവിട്ടതോടെ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യ നാലാം സ്ഥാനത്തേയ്ക്ക് വീണു.
ട്വന്റി20 ലോക കിരീടം നേട്ടം, ഐസിസി ചാംപ്യൻസ് ട്രോഫി കിരീടം എന്നിവയാണ് ട്വന്റി 20, ഏകദിന ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ഇന്ത്യയ്ക്ക് സഹായമായത്. 271 പോയിന്റാണ് ഇന്ത്യയ്ക്ക് ട്വന്റി 20യിലുള്ളത്. ഓസ്ട്രേലിയയാണ് ട്വന്റി 20 റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ളത്.
ഏകദിന റാങ്കിങ്ങിൽ 124 പോയിന്റാണ് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കുള്ളത്. ന്യൂസിലാൻഡ് രണ്ടാം സ്ഥാനത്തും ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തുമുണ്ട്.
ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാമതുള്ള ഇംഗ്ലണ്ടിനും മൂന്നാമതുള്ള ദക്ഷിണാഫ്രിക്കയ്ക്കും പിന്നിലായാണ് ഇന്ത്യയുടെ സ്ഥാനം. ജൂണിൽ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ വിജയങ്ങൾ നേടാനായാൽ റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് തിരിച്ചുവരവിന് സാധിക്കും.
Content Highlights: ICC annual team rankings update