'ഞാൻ എപ്പോഴും ക്രിക്കറ്റ് ആരാധകൻ, അഞ്ച് ദിവസം ടെസ്റ്റ് കാണുന്നത് ആവേശമായിരുന്നു': ​ഗാരെത് സൗത്ത്​ഗേറ്റ്

'ഞാൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന് വേണ്ടി കളിക്കുമ്പോൾ ധാരാളം ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെട്ടു'

dot image

ക്രിക്കറ്റ് ഇഷ്ടങ്ങൾ പങ്കുവെച്ച് ഇം​ഗ്ലണ്ട് ഫുട്ബോൾ മുൻ താരവും മുൻ പരിശീലകനുമായ ​ഗാരെത് സൗത്ത്​ഗേറ്റ്. താൻ എപ്പോഴും ക്രിക്കറ്റ് മത്സരങ്ങളുടെ ആരാധകനായിരുന്നുവെന്നാണ് സൗത്ത്​ഗേറ്റ് പറയുന്നത്. 'ഞാൻ കുട്ടിയായിരുന്നപ്പോൾ, അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മത്സരങ്ങൾ പൂർണമായും കാണുമായിരുന്നു. കപിൽ ദേവ്, സുനിൽ ഗവാസ്കർ തുടങ്ങിയ കളിക്കാർ ഉണ്ടായിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് ഞാൻ പറയുന്നത്. പിന്നെ, വർഷങ്ങൾ കടന്നുപോയപ്പോൾ, ഞാൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന് വേണ്ടി കളിക്കുമ്പോൾ ധാരാളം ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെട്ടു. എനിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ പലരെയും വ്യക്തിപരമായി അറിയാമായിരുന്നു,' ഐപിഎൽ പുറത്തിറക്കിയ വീഡിയോയിൽ സൗത്ത്ഗേറ്റ് പറഞ്ഞു.

'കഴിഞ്ഞ വർഷം ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ഫുട്ബോൾ ടീമുമായി സംസാരിച്ചു, അതുപോലെ, മറ്റ് കായിക ഇനങ്ങളുടെ പരിശീലകരുമായി ഞാനും സംസാരിച്ചിട്ടുണ്ട്. വിവിധ കായിക ഇനങ്ങളിൽ നിന്ന് ഒരുപാട് പഠിക്കാൻ കഴിയും. ഓരോ കായിക ഇനങ്ങളും അതിവേഗം വളരുകയാണ്. നമുക്ക് ഇഷ്ടപ്പെട്ട കായിക മേഖലയിൽ നിന്ന് വ്യത്യസ്തമായി മറ്റുള്ളവരിൽ നിന്ന് പഠിക്കാൻ സാധിക്കുന്നത് എപ്പോഴും കൗതുകകരമാണ്. രണ്ട് വ്യത്യസ്ത കായിക ഇനങ്ങളിലുള്ളവർ പലപ്പോഴും സമാനമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. അതേ കുറിച്ച് പരസ്പരം സംസാരിക്കാന്‍ കഴിയുന്നതും, അവരോടൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞത് സന്തോഷകരമാണ്,' സൗത്ത്​ഗേറ്റ് വ്യക്തമാക്കി.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരം കാണാൻ ഈഡൻ ​ഗാർഡനിൽ സൗത്ത്​ഗേറ്റ് എത്തിയിരുന്നു. രാജസ്ഥാൻ റോയൽസിന്റെ പിങ്ക് ജഴ്സിയിലാണ് സൗത്ത്​ഗേറ്റ് കൊൽക്കത്തയുടെ ഹോംസ്റ്റേഡിയത്തിലെത്തിയത്. നിമിഷങ്ങൾക്കുള്ളിൽ സൗത്ത്​ഗേറ്റിന്റെ ഐപിഎൽ വേദിയിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബ്രിട്ടീഷ് ഇന്ത്യൻ വ്യവസായിയും രാജസ്ഥാൻ റോയൽസിന്റെ ഉടമകളിൽ ഒരാളുമായ മനോജ് ബദാലെയാണ് സൗത്ത്​ഗേറ്റിനെ ഐപിഎൽ കാണുവാനായി എത്തിച്ചത്. ഇരുവരും നല്ല സുഹൃത്തുക്കളാണ്.

Content Highlights: Gareth Southgate reveals his cricket vibes

dot image
To advertise here,contact us
dot image