
പഞ്ചാബ് കിങ്സ്-ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തിനിടെ ക്രിക്കറ്റ് ലോകത്തെ രസിപ്പിച്ച് രവീന്ദ്ര ജഡേജയുടെ ഡഗ് ഔട്ടിൽ നിന്നുള്ള ക്യാച്ച്. യുസ്വേന്ദ്ര ചഹലിനെതിരെ ധോണി ഒറ്റക്കൈകൊണ്ടു നേടിയ സിക്സറാണ് ഗ്രൗണ്ടിന് പുറത്ത് നിന്ന് ജഡേജ കൈപ്പിടിയിലൊതുക്കിയത്. ശേഷം ജഡേജ ആഘോഷ പ്രകടനവും നടത്തി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
Even if you are Dhoni… When Sir Jadeja takes your catch, You are Out… pic.twitter.com/Ua5kiFB5ph
— Saiman (@Jixo780) April 30, 2025
ചെന്നൈ ഇന്നിങ്സിലെ 19–ാം ഓവറിലാണ് സംഭവം. 18 ഓവർ പൂർത്തിയാകുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 177 റൺസുമായി ശക്തമായ നിലയിലായിരുന്നു ചെന്നൈ സൂപ്പർ കിങ്സ്. രണ്ടു പന്തിൽ അഞ്ച് റൺസുമായി ധോണിയായിരുന്നു ക്രീസിൽ. യുസ്വേന്ദ്ര ചഹലാണ് 19–ാം ഓവർ എറിയാനെത്തിയത്.
സ്ട്രൈക്ക് ചെയ്ത ധോണിക്കെതിരെ ചഹൽ എറിഞ്ഞ ആദ്യ പന്ത് വൈഡായി. പകരം എറിഞ്ഞ ആദ്യ പന്തിൽ പടുകൂറ്റൻ ഷോട്ട്. ഓഫ് സ്റ്റംപിനു പുറത്തുവന്ന പന്തിൽ ധോണി തൊടുത്ത ഒറ്റക്കൈ ഷോട്ട് ഉയർന്നുപൊങ്ങി സിക്സറായി. ഇതിനിടെ ചെന്നൈ ഡഗ്ഔട്ടിൽനിന്ന് എഴുന്നേറ്റുവന്ന രവീന്ദ്ര ജഡേജ പന്ത് കയ്യിലൊതുക്കുകയായിരുന്നു. ക്യാച്ചെടുത്തിന്റെ ആഹ്ളാദം പ്രകടിപ്പിച്ച താരം, പന്ത് നേരെ ഗ്രൗണ്ടിലേക്ക് എറിയുകയും ചെയ്തു.
അതേസമയം, ആദ്യ പന്തിൽ ധോണി സിക്സറുമായി തുടക്കമിട്ടെങ്കിലും തൊട്ടടുത്ത പന്തിൽത്തന്നെ ധോണിയെ പുറത്താക്കിയാണ് ചഹൽ മറുപടി നൽകിയത്. നാലു പന്തിൽ 11 റൺസുമായി ചെഹലിന്റെ പന്തിൽ നേഹൽ വധേരയ്ക്ക് ക്യാച്ച് നൽകിയായിരുന്നു ധോണിയുടെ മടക്കം. പിന്നീട് ഇതേ ഓവറിൽ 4, 5, 6 പന്തുകളിലായി ദീപക് ഹൂഡ (2 പന്തിൽ രണ്ട്), അൻഷുൽ കംബോജ് (0), നൂർ അഹമ്മദ് (0) എന്നിവരെ പുറത്താക്കി ചഹൽ ഹാട്രിക്കും പൂർത്തിയാക്കി.
Content Highlights: MS Dhoni hits six; Jadeja catches:- Watch