വൈഭവിന്റെ ബാറ്റിങ് കണ്ടപ്പോൾ ആദം ഗിൽക്രിസ്റ്റിനെ ഓർമ വന്നു, ഒറ്റ പന്തും നഷ്ടപ്പെടുത്താത്ത താരം: മൈക്കൽ ഹസി

നാളെ മുംബൈ ഇന്ത്യൻസിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം

dot image

ഗുജറാത്ത് ടൈറ്റൻസിനെതിരെ രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലന്റെ സംഹാര താണ്ഡവത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് സൂര്യവംശി അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് ഇന്നലെ എഴുതിയത്. രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ സ്വന്തം പേരിലാക്കിയത്.

ഇന്നിംഗ്‌സിന് പിന്നാലെ താരത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രശംസയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ താരത്തെ പ്രശംസ കൊണ്ട് മൂടുകയാണ് മുൻ ഓസീസ് താരം മൈക്കൽ ഹസി. വൈഭവിനെ കണ്ടപ്പോൾ തന്റെ സഹതാരമായിരുന്ന ആദം ഗിൽക്രിസ്റ്റിനെ ഓർമ വന്നുവെന്നും ഒരു പന്ത് പോലും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത മനസ്സാണ് ഇരു താരങ്ങളുടേതെന്നും ഹസി പറഞ്ഞു.

വൈഭവ് ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിന് മുതൽ കൂട്ടാവും, നൂറ് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇഷാന്ത് ശർമയെ പോലെയുള്ളവരെ എത്ര അനായാസമായാണ് ആ പയ്യൻ നേരിടുന്നത്, അവന്റെ കൂടുതൽ ഇന്നിങ്‌സുകളാക്കായി കാത്തിരിക്കുന്നു, ഹസി കൂട്ടിച്ചേർത്തു. അതേസമയം നാളെ മുംബൈ ഇന്ത്യൻസിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. ജസ്പ്രീത് ബുംമ്രയും ട്രെന്റ് ബോൾട്ടും അടങ്ങുന്ന പേസ് നിരയെ പതിനാലുകാരൻ എങ്ങനെ നേരിടുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Content Highlights: Vaibhav Suryavanshi reminds me of Adam Gilchrist: Michael Hussey

dot image
To advertise here,contact us
dot image