
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ പ്രതികരണവുമായി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ്. അതീവ ദുഃഖം തോന്നുന്നു, ഹൃദയം തകരുന്നു എന്നാണ് ഹഫീസ് കുറിച്ചത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്താനാണെന്ന ചർച്ചകൾ ഉയരുന്നതിനിടെയാണ് ഹഫീസിന്റെ പ്രതികരണം.
അതിനിടെ ആക്രമണത്തിന് പിന്നാലെ പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ കുറ്റപ്പെടുത്തി മുൻ താരം ഡാനിഷ് കനേറിയയും രംഗത്തെത്തി. പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പാക് പ്രധാനമന്ത്രി അതിനെ അപലപിക്കാത്തതെന്ന് കനേറിയ ചോദിച്ചു. എങ്ങനെയാണ് പാകിസ്താൻ സൈന്യം ഇത്രപെട്ടെന്ന് വൻ ജാഗ്രതയിലേക്ക് നീങ്ങിയത്? കാരണം, എന്താണ് സംഭവിക്കുന്നതെന്ന് താങ്കൾക്കും അറിയാമായിരുന്നു. നിങ്ങളാണ് ഭീകരവാദികൾക്ക് താവളമൊരുക്കുന്നതും അവരെ വളർത്തുന്നതും. ലജ്ജാകരം’ ഡാനിഷ് കനേറിയ കുറിച്ചു.
അതേസമയം, സിന്ധു നദീജല കരാർ റദ്ദാക്കിയതടക്കം കടുത്ത നടപടികളാണ് കേന്ദ്രസർക്കാർ പാകിസ്താനെതിരെ സ്വീകരിച്ചത്. പാകിസ്താൻ പൗരന്മാർക്കുള്ള വിസാ നടപടികൾ ഇന്ത്യ മരവിപ്പിച്ചു. വാഗ - അട്ടാരി അതിർത്തി അടിയന്തരമായി അടച്ചു. വാഗ-അട്ടാരി വഴി വന്ന പാക് പൗരന്മാർ മെയ് ഒന്നിനകം ഇന്ത്യ വിടണമെന്ന് നിർദേശിച്ചിട്ടുണ്ട്. സാർക് വിസ വഴി വന്നവർ 48 മണിക്കൂറിനകം ഇന്ത്യ വിടണം. പാക് പൗരന്മാർക്ക് ഇനി മുതൽ വിസ നൽകില്ല. നിലവിലെ വിസകളെല്ലാം റദ്ദാക്കും. പാക് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. പാക് ഹൈക്കമ്മീഷനിലെ അംഗസംഖ്യ മുപ്പതാക്കി കുറയ്ക്കാനും തീരുമാനമായിരുന്നു.
Content Highlights: Pakistani players react on pahalgam attack