
ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലിലാണ് രാജ്യം. നിരപരാധികളായ നിരവധി പേരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിനെതിരെ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സാമൂഹിക സംഘടനകളും പൗരന്മാരും അന്താരാഷ്ട്ര രാജ്യങ്ങളും ഒറ്റക്കെട്ടായാണ് നിന്നത്. സംഭവത്തിൽ നിരവധി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും പ്രതികരിച്ചു.
പഹൽഗാം സംഭവത്തിൽ അതീവ ദു:ഖിതനാണ് താനെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാധാനവും ശക്തിയും നൽകണമെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ക്രൂരകൃത്യത്തിന് മറുപടി നൽകണമെന്നും കോഹ്‌ലി വ്യക്തമാക്കി. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്ന് ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീർ പറഞ്ഞു. ഭീകരതയ്ക്ക് ഉചിതമായ മറുപടി നൽകണമെന്ന ആവശ്യവുമായി ഹര്‍ഭജൻ സിംഗും രംഗത്തെത്തി.
ഭീകരാക്രമണങ്ങൾക്ക് ഇന്ത്യയിൽ സ്ഥാനമില്ലെന്ന് ശുഭ്മാൻ ഗിൽ പറഞ്ഞു. പഹൽഗാം സംഭവത്തിൽ അതീവ ദു:ഖിതനാണെന്നും ഇത്തരം അക്രമങ്ങൾക്കെതിരെ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നും ഇഷാന്ത് ശർമ്മ അഭിപ്രായപ്പെട്ടു. സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് പഹൽഗാമിൽ സംഭവിച്ചിരിക്കുന്നതെന്നും ഇരകളുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും മനോജ് തിവാരി അറിയിച്ചു.
പഹൽഗാമിൽ കുറ്റം ചെയ്തവർ ഉറപ്പായും ശിക്ഷിക്കപ്പെടുമെന്ന് പാർത്ഥിവ് പട്ടേൽ പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്ക് ഈ പ്രതിസന്ധിയെ നേരിടാനുള്ള ശക്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി യുവരാജ് സിംഗ് പറഞ്ഞു. പഹൽഗാമിൽ സംഭവിച്ചത് വളരെ ഭയാനകവും ദുഃഖകരവുമാണെന്ന് ആകാശ് ചോപ്ര പ്രതികരിച്ചു.
പാകിസ്താൻ പിന്തുണയുള്ള ഭീകരരുടെ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യൻ സൈന്യം ഇതിന് തിരിച്ചടി നൽകുമെന്നും റെയ്ന വ്യക്തമാക്കി. മറ്റ് താരങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: indian cricketers on pahalgam terror attack