
തമിഴ് നടൻ സിലമ്പരസനും 'പാർക്കിംഗ്' എന്ന സിനിമയിലൂടെ പ്രേക്ഷശ്രദ്ധ നേടിയ സംവിധായകൻ രാംകുമാർ ബാലകൃഷ്ണനും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നു എന്ന വാർത്ത തമിഴ് സിനിമാപ്രേമികൾ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. എസ് ടി ആർ 49 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയിൽ സന്താനവും ഭാഗമാവുകയാണ്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.
#STR49 is going to the next level 💥
— DawnPictures (@DawnPicturesOff) April 30, 2025
The most awaited reunion is here 🤝🧨
Welcoming @iamsanthanam on board@SilambarasanTR_ @AakashBaskaran @ImRamkumar_B @SaiAbhyankkar @11Lohar pic.twitter.com/Gx9992hlsD
ഏറെ നാളുകൾക്കിപ്പുറമാണ് ചിമ്പുവും സന്താനവും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. 2004 ൽ ചിമ്പു ഒരുക്കിയ മന്മഥൻ എന്ന സിനിമയിലൂടെയാണ് സന്താനം ബിഗ് സ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ചത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ മാസമാണ് എസ്ടിആർ 49 ന്റെ അന്നൗൺസ്‌മെന്റ് പോസ്റ്റർ നിർമാതാക്കൾ പുറത്തുവിട്ടത്. ഒരു ബുക്കിനുള്ളിൽ രക്തം പുരണ്ട കത്തിയുമായി പിന്തിരിഞ്ഞു നിൽക്കുന്ന ചിമ്പുവുവിനെയാണ് പോസ്റ്ററിൽ കാണാനാകുന്നത്. ചിത്രത്തിൽ സിലമ്പരശൻ ഒരു വിദ്യാർത്ഥി ആയിട്ടാണ് എത്തുന്നതെന്നാണ് സൂചന. 'ദി മോസ്റ്റ് വാണ്ടഡ് സ്റ്റുഡൻ്റ്' എന്നാണ് സിനിമയുടെ ടാഗ് ലൈൻ.
കയാദു ലോഹറാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വർഷം തിയേറ്ററിലെത്തും. ഡൗൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്കരൻ ആണ് സിനിമ നിർമിക്കുന്നത്. ഇവർ നിർമിക്കുന്ന മൂന്നാമത്തെ സിനിമയാണിത്.
Content Highlights: Simbu and Santhanam join hands after a long time for STR 49