യൂസ്വേന്ദ്ര ചഹൽ ഹിയർ; ഐപിഎൽ സീസണിലെ ആദ്യ ഹാട്രിക്

രണ്ടാം പന്തിൽ വീണ്ടും സിക്സറിന് ശ്രമിച്ച ധോണിയെ ലോങ് ഓഫിൽ നേഹൽ വധേര പിടികൂടി. ഇതോടെ ചഹൽ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ ആദ്യ ഹാട്രിക് സ്വന്തമാക്കി പഞ്ചാബ് കിങ്സ് സ്പിന്നർ യൂസ്വേന്ദ്ര ചഹൽ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലാണ് ചഹൽ ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന്റെ 19-ാം ഓവറിലാണ് ചഹലിന്റെ വിസ്മയിപ്പിക്കുന്ന ബൗളിങ് പ്രകടനം ഉണ്ടായത്. കൃത്യസമയത്ത് ഓവർ പൂർത്തിയാക്കാൻ കഴിയാതിരുന്നതിനാൽ അവസാന രണ്ട് ഓവറുകളിൽ 30 യാർഡ് സർക്കിളിന് പുറത്ത് പഞ്ചാബിന് നാല് ഫിൽഡർമാരെ മാത്രമെ നിർത്താൻ സാധിക്കൂമായിരുന്നുള്ളു.

ഓവറിലെ ആദ്യ പന്ത് വൈഡായിരുന്നു. പിന്നാലെ ആദ്യ പന്ത് വീണ്ടും എറിഞ്ഞപ്പോൾ ചഹലിനെ തകർപ്പൻ ഒരു സിക്സറിലൂടെ മഹേന്ദ്ര സിങ് ധോണി അതിർത്തി കടത്തി. ​ഗ്യാലറിയിൽ ചെന്നൈ താരം രവീന്ദ്ര ജഡേജ ഈ പന്ത് കൈപ്പിടിയിലാക്കി. എന്നാൽ വരാനിരിക്കുന്നത് ചഹലിന്റെ വിക്കറ്റ് വേട്ടയാണെന്ന് ചെന്നൈയ്ക്ക് അറിയുമായിരുന്നില്ല. രണ്ടാം പന്തിൽ വീണ്ടും സിക്സറിന് ശ്രമിച്ച ധോണിയെ ലോങ് ഓഫിൽ നേഹൽ വധേര പിടികൂടി. ഇതോടെ ചഹൽ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു.

മൂന്നാം പന്തിൽ ദീപക് ഹൂഡ രണ്ട് റൺസ് നേടി. എന്നാൽ തൊട്ടടുത്ത പന്തിൽ ദീപക് ഹൂഡ ഉയർത്തി അടിച്ച പന്ത് പോയിന്റിൽ പ്രിയാൻഷ് ആര്യ പിടികൂടി. അഞ്ചാം പന്തിൽ അൻഷുൽ കംബോജിനെ ചഹൽ ക്ലീൻ ബൗൾഡാക്കി. ഓവറിലെ അവസാന പന്തിൽ നൂർ അഹമ്മദിനെ ലോങ് ഓണിൽ മാർകോ ജാൻസന്റെ കൈകളിലെത്തിച്ചാണ് ചഹൽ തന്റെ ഹാട്രിക് നേട്ടം പൂർത്തിയാക്കിയത്. പിന്നാലെ ​ഗ്രൗണ്ടിൽ കിടന്നുള്ള തന്റെ ഇഷ്ട വിക്കറ്റ് ആഘോഷവും ചഹൽ പുറത്തെടുത്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് 19.2 ഓവറിൽ 190 റൺസിൽ എല്ലാവരും പുറത്തായി. 47 പന്തിൽ നാല് ഫോറും എട്ട് സിക്സറും സഹിതം 88 റൺസെടുത്ത സാം കരണാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ഡെവാൾഡ് ബ്രവീസ് 32 റൺസും സംഭാവന ചെയ്തു. മൂന്ന് ഓവറിൽ 32 റൺസെടുത്താണ് ചഹൽ പഞ്ചാബിനായി നാല് വിക്കറ്റുകൾ നേടിയത്. അർഷ്ദീപ് സിങ്ങും മാർകോ ജാൻസനും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: First hat-trick of the season bagged by Yuzi Chahal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us