'ഈ മത്സരം വളരെ പ്രധാനമായിരുന്നു, വലിയ വിജയം വേണമായിരുന്നു': അജിൻക്യ രഹാനെ

'170-180 റൺസ് ഈ പിച്ചിൽ നല്ല സ്‌കോറായിരിക്കുമെന്ന് ഞങ്ങൾ കരുതി'

'ഈ മത്സരം വളരെ പ്രധാനമായിരുന്നു, വലിയ വിജയം വേണമായിരുന്നു': അജിൻക്യ രഹാനെ
dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ വമ്പൻ വിജയത്തിൽ പ്രതികരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിൻക്യ രഹാനെ. 'ഈ മത്സരം കൊൽക്കത്തയ്ക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. വലിയ മാർജിനിൽ ജയിക്കേണ്ടത് ആവശ്യമായിരുന്നു. ഈഡനിൽ ആദ്യം ബൗളിങ് തിരഞ്ഞെടുക്കാനായിരുന്നു കൊൽക്കത്തയും ആ​ഗ്രഹിച്ചത്. തുടക്കത്തിൽ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടപ്പോൾ, ആറ് ഓവർ വരെ പിടിച്ചുനിൽക്കാനും, പിന്നെ ശ്രദ്ധയോടെ കളിക്കാനുമായിരുന്നു ശ്രമിച്ചത്. വിക്കറ്റുകൾ ബാക്കിയുണ്ടെങ്കിൽ അവസാന ഓവറുകളിൽ ബാറ്റിങ്ങിനെത്തുന്നവർക്ക് നന്നായി ബാറ്റ് ചെയ്യാൻ കഴിയും. പരമാവധി റൺസ് നേടാനാകും.' രഹാനെ മത്സരശേഷം പ്രതികരിച്ചു.

'കൊൽക്കത്തയുടെ ബാറ്റിങ് യൂണിറ്റിൽ സന്തോഷമുണ്ട്. അവസാന രണ്ട് മത്സരങ്ങളിലും കൊൽക്കത്തയ്ക്ക് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. പരാജയങ്ങളിൽ നിന്ന് ഒരുപാട് പഠിച്ചു. റിങ്കുവും വെങ്കിടേഷും മികച്ച ഷോട്ടുകൾ കളിക്കാൻ കഴിവുള്ളവരാണ്. 15 ഓവർ വരെ സാധാരണയായി കളിച്ച് മുന്നോട്ട് പോകാനായിരുന്നു ശ്രമിച്ചത്. 170-180 റൺസ് ഈ പിച്ചിൽ നല്ല സ്‌കോറായിരിക്കുമെന്ന് ഞങ്ങൾ കരുതി. ബൗളിങ്ങിൽ കൊൽക്കത്തയ്ക്ക് മൂന്ന് മികച്ച സ്പിന്നർമാർ ഉണ്ടായിരുന്നു. മൊയീൻ അലിക്ക് നിർഭാഗ്യവശാൽ പന്തെറിയാൻ കഴിഞ്ഞില്ല. സുനിൽ നരേയ്നും വരുണും നന്നായി പന്തെറിഞ്ഞു. വൈഭവും ഹർഷിതും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.' രഹാനെ വ്യക്തമാക്കി.

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 80 റൺസിന്റെ വിജയമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നേടിയത്. മത്സരത്തിൽ‌ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. മറുപടി പറഞ്ഞ സൺറൈസേഴ്സ് 16.4 ഓവറില്‍ 120 റൺസിൽ എല്ലാവരും പുറത്തായി.

Content Highlights: This game was really important for us says Ajinkya Rahane

dot image
To advertise here,contact us
dot image