'ബുംമ്രയെ സമ്മർദ്ദത്തിലാക്കാന്‍ മാത്രമാണ് ശ്രമിച്ചത്'; റിവേഴ്സ് സ്കൂപ് ചെയ്തതില്‍ കോണ്‍സ്റ്റാസ്

രണ്ട് സിക്‌സും സാക്ഷാല്‍ ബുംമ്രയ്‌ക്കെതിരെയാണ് കോണ്‍സ്റ്റാസ് അടിച്ചെടുത്തത്

'ബുംമ്രയെ സമ്മർദ്ദത്തിലാക്കാന്‍ മാത്രമാണ് ശ്രമിച്ചത്'; റിവേഴ്സ് സ്കൂപ് ചെയ്തതില്‍ കോണ്‍സ്റ്റാസ്
dot image

ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരമായ മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ഓസീസിന്റെ അരങ്ങേറ്റ ഓപണറായ സാം കോണ്‍സ്റ്റാസ് ആയിരുന്നു. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ സ്ലെഡ്ജ് ചെയ്തും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ റിവേഴ്‌സ് സ്‌കൂപ്പ് ചെയ്തും കോണ്‍സ്റ്റാസ് മെല്‍ബണിലെ ഒന്നാം ദിനം തന്റേതാക്കി മാറ്റിയിരുന്നു.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ജസ്പ്രീത് ബുംമ്ര അടങ്ങുന്ന പേസ് നിരയെ മികച്ച രീതിയില്‍ പ്രതിരോധിച്ച് ഓസീസ് ബാറ്റിങ്ങിന്റെ ഓപണിങ്ങിലെ ബലഹീനതയെ കോണ്‍സ്റ്റാസ് ഇല്ലാതാക്കി. ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ യുവതാരം 65 പന്തില്‍ രണ്ട് സിക്‌സും ആറ് ബൗണ്ടറിയും സഹിതം 60 റണ്‍സെടുത്താണ് പുറത്തായത്. ഈ രണ്ട് സിക്‌സും സാക്ഷാല്‍ ബുംമ്രയ്‌ക്കെതിരെയാണ് കോണ്‍സ്റ്റാസ് അടിച്ചെടുത്തത്. അതില്‍ ഒന്ന് റിവേഴ്‌സ് സ്‌കൂപ്പിലൂടെയും. ഇപ്പോള്‍ എല്ലാ സംഭവങ്ങളിലും പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാം കോണ്‍സ്റ്റാസ്.

ബുംമ്രയ്‌ക്കെതിരെ പായിച്ച റിവേഴ്‌സ് സ്‌കൂപ്പ് ഒരിക്കലും പ്ലാന്‍ ചെയ്തതായിരുന്നില്ലെന്നാണ് കോണ്‍സ്റ്റാസ് പറയുന്നത്. 'ഒരു സ്വപ്‌നം സാക്ഷാത്കരിച്ച പോലെയാണ് എനിക്ക് തോന്നുന്നത്. ഒരു വലിയ ഗ്യാലറിക്ക് മുന്നില്‍ കളിക്കാന്‍ സാധിച്ചു. ഒരു വീട് പോലെയായിരുന്നു എനിക്ക് തോന്നിയത്. ഭയമില്ലാതെ കളിക്കണമെന്ന് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നോട് പറഞ്ഞിരുന്നു.

'ഒന്നും പ്ലാന്‍ ചെയ്തതായിരുന്നില്ല. ലോകോത്തര ബൗളറാണ് ബുംമ്ര. അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ തന്ത്രങ്ങളെ മാറ്റുകയെന്നതായിരുന്നു പ്രധാനപ്പെട്ട ശ്രമം', കോണ്‍സ്റ്റാസ് വ്യക്തമാക്കി.

മത്സരത്തിനിടെ കോഹ്‌ലിയെ സ്ലെഡ്ജ് ചെയ്തതിനെ കുറിച്ചും കോണ്‍സ്റ്റാസ് സംസാരിച്ചു. 'കോഹ്‌ലി എന്റെ പ്രിയപ്പെട്ട പ്ലേയറാണ്. രാജ്യത്തിന് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹത്തിന്റെയും എന്റെയും വികാരങ്ങള്‍ ഒന്നുതന്നെയാണെന്ന് ഞാന്‍ കരുതുന്നു. ഇതെല്ലാം ക്രിക്കറ്റില്‍ സംഭവിക്കുന്നതു തന്നെയാണ്', കോണ്‍സ്റ്റാസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: IND vs AUS: Sam Konstas opens up on attacking Jasprit Bumrah

dot image
To advertise here,contact us
dot image