നാണം കെട്ട തോൽവിക്ക് പിന്നാലെ പാക് ക്രിക്കറ്റ് സെലക്ഷൻ കമ്മിറ്റിയിൽ മാറ്റം; നാല് പുതിയ അംഗങ്ങൾ കൂടി

2003-ല്‍ അംപയറായി കരിയര്‍ ആരംഭിച്ച അലീം ദാർ 20 വര്‍ഷത്തെ കരിയറില്‍ 448 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്

dot image

ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടുമായുള്ള നാണംകെട്ട തോൽവിക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ദേശീയ സെലക്ഷന്‍ കമ്മിറ്റിയിൽ മാറ്റം. ദേശീയ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് നാല് പുതിയ അംഗങ്ങളെ കൂടി പിസിബി പ്രഖ്യാപിച്ചു. അന്താരാഷ്ട്ര തലത്തില്‍ അമ്പയറിങിൽ നിന്ന് അടുത്തിടെ വിരമിച്ച അലീം ദാറാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവരിൽ പ്രമുഖൻ. 2003-ല്‍ അംപയറായി കരിയര്‍ ആരംഭിച്ച അലീം ദാർ 20 വര്‍ഷത്തെ കരിയറില്‍ 448 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. ഐസിസി അംപയര്‍ ഓഫ് ദ ഇയര്‍ക്കുള്ള ഡേവിഡ് ഷെപ്പേര്‍ഡ് ട്രോഫി മൂന്ന് തവണ നേടി.

അതേ സമയം തുടർതോൽവികളിലൂടെ കടന്ന് പോകുന്ന പാകിസ്താൻ ക്രിക്കറ്റ് ടീം വലിയ വിമർശനമാണ് നേരിടുന്നത്. ഏറ്റവും അവസാനം ഇംഗ്ലണ്ടിനെതിരെ മുള്‍ത്താനിൽ നടന്ന ടെസ്റ്റിലും പാക് ടീം പരാജയപ്പെട്ടിരുന്നു. ആദ്യ ഇന്നിങ്സിൽ 556 റണ്‍സടിച്ചിട്ടും പാകിസ്താൻ ഇന്നിങ്സിനും 47 റണ്‍സിനും തോറ്റു. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഒന്നാം ഇന്നിങ്സിൽ 500ന് മുകളില്‍ റണ്‍സടിച്ചിട്ടും ഇന്നിങ്‌സ് തോല്‍വി വഴങ്ങുന്നത്.

ഇതിനിടെ പാകിസ്താൻ ടീമില്‍ തന്നെ പരസ്പരം തമ്മിലടിയാണെന്ന ആരോപണവും ശക്തമാവുന്നുണ്ട്. സോഷ്യൽമീഡിയയിൽ ഇപ്പോൾ പുറത്ത് വന്ന ഇംഗ്ലണ്ട്- പാകിസ്താൻ മത്സരത്തിനിടെയുള്ള ഒരു വീഡിയോ ഈ ആരോപണത്തെ ശരിവെക്കുകയും ചെയ്യുന്നു. പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ പല തവണ ‘സിംബു സിംബു’ എന്നു വിളിച്ചു പറഞ്ഞതാണ് വിവാദത്തിനു വഴി തുറന്നത്. ചെറിയ ടീമുകൾക്കെതിരെ സ്ഥിരമായി സ്കോർ ചെയ്യുകയും വമ്പൻ ടീമുകളെത്തുമ്പോള്‍ ബാറ്റിങ്ങിൽ പരാജയപ്പെടുകയും ചെയ്യുന്ന ബാബർ അസമിനെ ‘സിംബാബർ, സിംബു’ എന്നൊക്കെ വിമർശകർ പരിഹസിക്കാറുണ്ട്. അടുത്ത കാലത്തായി മോശം ഫോമിലാണ് ബാബര്‍. 2022ലാണ് ബാബര്‍ അസം ടെസ്റ്റില്‍ അവസാനമായി സെഞ്ച്വറി നേടിയിരുന്നത്.

Content HIghlights: pakistan cricket board to makes changes in national selection committee

dot image
To advertise here,contact us
dot image