രോഹിത്തും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യ ശക്തരായ എതിരാളികളാണ്; ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ താരം

രോഹിത്തിനും കോഹ്‌ലിക്കും പകരക്കാരെ കണ്ടെത്തുക എന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്

dot image

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ടെസ്റ്റില്‍ നിന്ന് വിരമിച്ചതില്‍ പ്രതികരിച്ച് മുന്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. രോഹിത്തിനും കോഹ്‌ലിക്കും പകരക്കാരെ കണ്ടെത്തുക എന്നത് ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്. ഇന്ത്യയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇംഗ്ലണ്ട് ടീമിന് ആന്‍ഡേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഇരുതാരങ്ങളും വിരമിക്കല്‍ പ്രഖ്യാപിച്ചത്. രോഹിത്തും വിരാടും ഇല്ലെങ്കിലും ഇന്ത്യയെ നിസ്സാരക്കാരായി കാണരുതെന്നും ശക്തരായ എതിരാളികള്‍ തന്നെയാണെന്നും ആന്‍ഡേഴ്‌സണ്‍ ഇംഗ്ലീഷ് ടീമിന് മുന്നറിയിപ്പ് നല്‍കി.

'ഇരുവരും മികച്ച കളിക്കാരാണ്. രോഹിത് ശര്‍മ വിരമിച്ചപ്പോള്‍ ഇന്ത്യയ്ക്ക് പുതിയൊരു ക്യാപ്റ്റന്‍ ഉണ്ടാകും. വിരാട് കോഹ്ലി ടെസ്റ്റ് ചരിത്രത്തിലെ മികച്ച ബാക്ടര്‍മാരില്‍ ഒരാളുമാണ്. ഇരുവരുടെയും വിടവ് വലുതാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ സ്‌ക്വാഡില്‍ ഇനിയും പ്രതിഭകള്‍ ധാരാളമുണ്ട്. അതറിയണമെങ്കില്‍ ഐപിഎല്ലിലേക്ക് ഒന്ന് നോക്കിയാല്‍ മതി', ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

'അവരുടെ താരങ്ങള്‍ ടൂര്‍ണമെന്റില്‍ അഗ്രസീവായാണ് കളിക്കുന്നത്. ഒട്ടും ഭയമില്ലാതെയാണ് അവര്‍ ടൂര്‍ണമെന്റുകളെ സമീപിക്കുന്നതും. ടൂര്‍ണമെന്റ് കഴിഞ്ഞ് അവര്‍ ടെസ്റ്റിന് തയ്യാറെടുക്കുന്നു. ഇന്ത്യ ശക്തരായ എതിരാളിയാണ്. എവേ മത്സരങ്ങള്‍ കളിക്കുമ്പോള്‍ പോലും അവര്‍ വളരെ അപകടകാരികളാണ്,' ജെയിംസ് ആന്‍ഡേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: India have big shoes to fill without Rohit Sharma, Virat Kohli: James Anderson

dot image
To advertise here,contact us
dot image