ടെസ്റ്റില്‍ നിന്ന് വിരമിച്ച രോഹിത്തിനും കോഹ്‌ലിക്കും എ പ്ലസ് കാറ്റഗറി നഷ്ടപ്പെടുമോ? മറുപടിയുമായി BCCI

ഓള്‍ ഫോര്‍മാറ്റ് താരങ്ങള്‍ അല്ലാത്തതിനാല്‍ ഇരുവരെയും എ ഗ്രേഡിലേക്ക് തരം താഴ്ത്താന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

dot image

ടെസ്റ്റ് ക്രിക്കറ്റി‌ല്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും ബിസിസിഐയുടെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും തരം താഴ്ത്തില്ലെന്ന് അപെക്‌സ് ബോര്‍ഡ് സെക്രട്ടറി ദേവ്ജീത് സൈക്കിയ. ഇരുവരും എ പ്ലസ് കാറ്റഗറിയില്‍ തന്നെ തുടരുമെന്നാണ് സൈക്കിയ അറിയിച്ചത്.

2024 ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ വിരാട് കോഹ്ലിയും രോഹിത് ശർമയും ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഇരുവരെയും ബോര്‍ഡ് എ പ്ലസ് കാറ്റഗറിയില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ടെസ്റ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഓള്‍ ഫോര്‍മാറ്റ് താരങ്ങള്‍ അല്ലാത്തതിനാല്‍ ഇവരെ എ ഗ്രേഡിലേക്ക് തരം താഴ്ത്താന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എല്ലാ ഊഹാപോഹങ്ങളെയും കാറ്റില്‍പറത്തിക്കൊണ്ടാണ് ഇപ്പോൾ ബിസിസിഐ എ പ്ലസ് കാറ്റഗറി തുടർന്നത്.

"ട്വന്റി20യിൽ നിന്നും ടെസ്റ്റിൽ നിന്നും വിരമിച്ചെങ്കിലും രോഹിത്തും കോഹ്ലിയും എ പ്ലസ് കാറ്റഗറിയിൽ തുടരും. ഇപ്പോഴും ഇന്ത്യൻ ടീമിന്റെ ഭാഗമാണ് ഇരുവരും. എ പ്ലസ് കാറ്റഗറിയിലെ എല്ലാ സൗകര്യങ്ങളും ഇരുവർക്കും ലഭിക്കും," ബിസിസിഐ സെക്രട്ടറി ദേവ്ജീത് സൈക്കിയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

രോഹിത്തിനേയും കോഹ്ലിയേയും കൂടാതെ ജസ്പ്രിത് ബുംമ്രയും രവീന്ദ്ര ജഡേജയുമാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്. ഇതില്‍ ബുംമ്ര മാത്രമാണ് നിലവിൽ ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍. ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്തിനും വിരാടിനും പിന്നാലെ രവീന്ദ്ര ജഡേജയും കുട്ടിക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയിരുന്നു.

Also Read:

മെയ് ഏഴിനാണ് രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള താത്പര്യം കോഹ്ലി ബിസിസിഐയെ അറിയിച്ചതായി റിപ്പോർട്ട് വന്നു. ഈ തീരുമാനത്തിൽ നിന്ന് കോഹ്ലിയെ പിന്തിരിപ്പിക്കാൻ ബിസിസിഐ ശ്രമിച്ചിരുന്നെന്നും റിപ്പോർ‌ട്ടുകൾ വന്നിരുന്നു. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിന് മുൻപ് തന്നെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കോഹ്ലിയും ഔദ്യോ​ഗികമായി ടെസ്റ്റിൽ നിന്ന് പടിയിറങ്ങി.

Content Highlights: Virat Kohli and Rohit Sharma's A+ Grade contract will continue

dot image
To advertise here,contact us
dot image