
ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിൽ വിക്കറ്റ് കീപ്പറായി ഇഷാൻ കിഷൻ ഉണ്ടാവില്ലെന്ന് റിപ്പോർട്ട്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും ഒപ്പം ജിതേഷ് ശർമയ്ക്കും അവസരം നൽകാനാണ് ബിസിസിഐയുടെ പദ്ധതിയെന്നാണ് സൂചന. ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ ഇഷാനെ നിയോഗിച്ചിരിക്കുന്നതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇഷാന്റെ മടങ്ങിവരവ് വൈകുമെന്നാണ് സൂചനകൾ പറയുന്നത്.
ഈയാഴ്ച തന്നെ ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചേക്കും. ടീമിൽ ഇടം പിടിച്ചേക്കാവുന്ന മറ്റ് താരങ്ങളെക്കുറിച്ചും സൂചനയുണ്ട്. ശ്രീലങ്കൻ പരമ്പരയിൽ ഇടം ലഭിക്കാതിരുന്ന അഭിഷേക് ശർമയെ വീണ്ടും ടീമിലേക്ക് പരിഗണിച്ചേക്കും. സഹഓപണറായി റുതുരാജ് ഗെയ്ക്ക്‌വാദോ യശസ്വി ജയ്സ്വാളോ എത്താനാണ് സാധ്യത.
ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം ശിവം ദുബെയ്ക്കും ടീമിൽ ഇടം ലഭിക്കാൻ സാധ്യതയുണ്ട്. റിങ്കു സിങ്, റിയാൻ പരാഗ്, വാഷിംഗ്ടൺ സുന്ദർ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, തുഷാർ ദേശ്പാണ്ഡെ, രവി ബിഷ്ണോയി തുടങ്ങിയ താരങ്ങളും ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താൻ സാധ്യതയുണ്ട്.