
കൊളംബോ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി കളിച്ചതിന് ശേഷമാണ് തന്റെ കരിയര്‍ മാറിമറിഞ്ഞതെന്ന് ശ്രീലങ്കന്‍ പേസര്‍ മതീഷ പതിരാന. സിഎസ്‌കെയുടെ ബൗളിങ് യൂണിറ്റിലെ നിര്‍ണായക സാന്നിധ്യമാണ് 21കാരനായ താരം. ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കുറിച്ചും ഇതിഹാസതാരം എംഎസ് ധോണിയെക്കുറിച്ചും സംസാരിക്കുകയായിരുന്നു പതിരാന.
'അണ്ടര്‍ 19ന് ശേഷം ഞാന്‍ ശ്രീലങ്കയുടെ ഒരു സ്‌ക്വാഡിന്റെയും ഭാഗമായിരുന്നില്ല. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എന്റെ ആദ്യ മത്സരം മുതല്‍ എനിക്ക് അവസരം ലഭിക്കുകയും ശ്രീലങ്കയുടെ പ്രധാന ടീമിലേക്ക് അവസരം ലഭിക്കുകയും ചെയ്തു', ലങ്കന്‍ പേസര്‍ പറഞ്ഞു.
'സിഎസ്‌കെയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയുന്നത് ദൈവത്തിന്റെ സമ്മാനമായാണ് കാണുന്നത്. ചെന്നൈയില്‍ കളിക്കുന്നത് വരെ എന്നെ അധികം ആര്‍ക്കും അറിയില്ലായിരുന്നു. പ്രത്യേകിച്ച് ശ്രീലങ്കയില്‍ നിന്നുള്ള എന്നെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക് മഹിഭായിക്കൊപ്പം (എം എസ് ധോണി) ഡ്രെസിങ് റൂം പങ്കിടാന്‍ സാധിക്കുക എന്നത് ഭാഗ്യമാണ്', പതിരാന കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയുടെ അണ്ടര്‍ 19 ടീമിലൂടെ രാജ്യാന്തര അരങ്ങേറ്റം നടത്തിയ മതീഷ പതിരാനയെ ഇതിഹാസ താരം ലസിത് മലിംഗയുടെ പിന്‍ഗാമിയായാണ് കാണുന്നത്. പിന്നീട് 2022ല്‍ ചെന്നൈയുടെ മഞ്ഞക്കുപ്പായത്തില്‍ ഐപിഎല്ലില്‍ അരങ്ങേറിയ താരം മിന്നും പ്രകടനത്തോടെ ആരാധകശ്രദ്ധ പിടിച്ചുപറ്റി. ചെന്നൈയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി പതിരാന മാറിയത് വളരെ പെട്ടെന്നായിരുന്നു.
കഴിഞ്ഞ സീസണില്‍ പരിക്ക് കാരണം പതിരാനയ്ക്ക് തിരികെ മടങ്ങേണ്ടിവന്നിരുന്നു. ടൂര്‍ണമെന്റില്‍ ചെന്നൈയ്ക്ക് വേണ്ടി കളിച്ച ആറ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. പിന്നാലെ കാലിലെ പേശികള്‍ക്ക് പരിക്കേറ്റതോടെ താരത്തിന് തുടര്‍ന്നുള്ള മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു.