
മുംബൈ: ഏകദിന ലോകകപ്പിൽ ന്യൂസിലാൻഡിനെ നേരിടുക ഇന്ത്യയ്ക്ക് എളുപ്പമാകില്ലെന്ന് മുൻ താരം റോസ് ടെയ്ലര്. 2019ലെ സെമി ഫൈനൽ ഓർമകൾ ഇന്ത്യയുടെ മനസിലുണ്ടാവും. വിരാട് കോഹ്ലിയുടെ ടീം ടൂർണമെന്റിൽ ഒന്നാമതായാണ് സെമി ഫൈനലിനെത്തിയത്. നാലാം സ്ഥാനക്കാരനായിരുന്ന കിവീസ് ഇന്ത്യയെ തോൽപിച്ച് ഫൈനലിനെത്തി. 2023 ലോകകപ്പ് വിജയിക്കാനാണ് ന്യൂസിലാൻഡ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ തവണത്തെ തോൽവി മറന്ന് ഇന്ത്യയ്ക്ക് കളിക്കാനാകില്ലെന്നും ടെയ്ലര് വ്യക്തമാക്കി.
ഇത്തവണ ഇന്ത്യയാണ് ലോകകപ്പ് നേടാൻ ഏറ്റവും അധികം സാധ്യതയുള്ള ടീം. സ്വന്തം നാട്ടിൽ കളിക്കുന്നത് ഇന്ത്യയ്ക്കും ഗുണം ചെയ്യുന്നതിനൊപ്പം സമ്മർദ്ദവുമുണ്ടാക്കും. നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ മുന്നിലെത്തിയതാണ് പാകിസ്താനെ മറികടന്ന് കിവീസ് സെമിയിലെത്താൻ പ്രധാന കാരണം. പക്ഷേ ന്യൂസിലാൻഡിന് നഷ്ടപ്പെടാൻ ഒന്നുമില്ലെന്ന് ഇന്ത്യ മനസിലാക്കണമെന്നും റോസ് ടെയ്ലര് ഓർമിപ്പിച്ചു.
മുംബൈയിലെ സ്റ്റേഡിയത്തിൽ ടോസ് നിർണായകമാണ്. പക്ഷേ ബാറ്റ് ചെയ്താലും ഫീൽഡ് ചെയ്താലും മികച്ച തുടക്കം പ്രധാനമാണ്. ആദ്യ 10 ഓവർ പ്രധാനപ്പെട്ടതാണ്. ഇരുടീമുകൾക്കും മികച്ച താരനിരയുണ്ടെന്നതിനാൽ മത്സരഫലം പ്രവചിക്കാൻ കഴിയില്ലെന്നും ടെയ്ലര് വ്യക്തമാക്കി.