ബോർഡിലെ സർക്കാർ ഇടപെടൽ; ശ്രീലങ്കൻ ക്രിക്കറ്റിന് ഐസിസി വിലക്ക്

ലോകകപ്പിലെ മോശം പ്രകടനത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പിരിച്ചുവിട്ടിരുന്നു

dot image

ദുബായ്: ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ വിലക്ക്. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിലെ സർക്കാർ ഇടപെടൽ ആരോപിച്ചാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഐസിസിയുടെ ഇന്ന് ചേർന്ന യോഗത്തിലാണ് ശ്രീലങ്കൻ ക്രിക്കറ്റിനെതിരെ നടപടി എടുത്തത്. ഐസിസി അംഗം എന്ന നിലയിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് സ്വയം ഭരണാധികാരം ഉണ്ടാവുകയും സർക്കാർ ഇടപെടൽ ഇല്ലാതിരിക്കുകയും ചെയ്യണമെന്ന് ഐസിസി വ്യക്തമാക്കി. സസ്പെൻഷന്റെ വ്യവസ്ഥകൾ യഥാസമയം തീരുമാനിക്കുമെന്നും ഐസിസി അറിയിച്ചു. നവംബർ 21ന് ചേരുന്ന ഐസിസി യോഗത്തിൽ കൂടുതൽ തീരുമാനങ്ങളുണ്ടായേക്കും.

മുമ്പ് ലോകകപ്പിലെ മോശം പ്രകടനത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പിരിച്ചുവിട്ടിരുന്നു. പ്രതിപക്ഷ നേതാവ് സജിത് പ്രേംദാസയാണ് ബോർഡിനെ പിരിച്ചുവിടാൻ പാർലമെന്റിൽ പ്രമേയം അവതരിപ്പിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ അഴിമതി നിറഞ്ഞ ലങ്കൻ ബോർഡിനെ പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ കോടതി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ പുനഃസ്ഥാപിച്ചു. തുടർന്ന് ശ്രീലങ്കൻ കായിക മന്ത്രി റോഷൻ രണസിംഗെ പുതിയ ഏഴംഗ താൽക്കാലിക കമ്മറ്റിയെ നിയമിച്ചു. 1996ൽ ലോകകപ്പ് നേടിയ ശ്രീലങ്കൻ ടീമിന്റെ നായകൻ അർജുന രണതുംഗ ആയിരുന്നു ഈ കമ്മറ്റിയുടെ അദ്ധ്യക്ഷൻ. എങ്കിലും ശ്രീലങ്കൻ ക്രിക്കറ്റ് മാനേജ്മെന്റിന്റെ രാജി ആവശ്യപ്പെട്ട് ജനരോക്ഷം ഉയർന്നിരുന്നു.

ലോകകപ്പിലെ മോശം പ്രകടനത്തിൽ രാജ്യമാകെ കടുത്ത നിരാശയിലാണെന്ന് മുൻ താരം സനത് ജയസൂര്യ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലങ്കൻ ക്രിക്കറ്റിന് തിരിച്ചടിയായി ഐസിസിയുടെ കടുത്ത നടപടിയും വന്നിരിക്കുന്നത്. ലോകകപ്പിൽ ഒമ്പത് മത്സരങ്ങൾ കളിച്ച ലങ്കയ്ക്ക് രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായത്. മുമ്പ് സർക്കാർ ഇടപെടൽ ആരോപിച്ച് സിംബാബ്വെ ക്രിക്കറ്റിനും ഐസിസി വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഏതാനും ദിവസങ്ങൾക്ക് ശേഷം വിലക്ക് പിൻവലിക്കുകയായിരുന്നു.

dot image
To advertise here,contact us
dot image