
ധർമ്മശാല: ഇന്ത്യൻ ക്രിക്കറ്റ് പിച്ചുകൾ മോശമെന്ന ഐസിസി വാദം തള്ളി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ത്യ - ഓസ്ട്രേലിയ, ഇന്ത്യ - പാകിസ്താൻ മത്സരങ്ങൾ നടന്ന ചെന്നൈ, അഹമ്മദാബാദ് സ്റ്റേഡിയങ്ങൾക്ക് ശരാശരി നിലവാരം മാത്രമേയുള്ളു എന്നാണ് ഐസിസിയുടെ വാദം. എന്നാൽ 350ന് മുകളിൽ സ്കോർ ചെയ്യുന്ന സ്റ്റേഡിയം മാത്രമല്ല മികച്ചതെന്നാണ് രാഹുൽ ദ്രാവിഡിന്റെ മറുപടി. വ്യത്യസ്തമായ സാഹചര്യങ്ങളിൽ കളിക്കാൻ കഴിയണമെന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി.
ഡൽഹി, പൂനെ സ്റ്റേഡിയങ്ങളിൽ 350ലധികം റൺസ് നേടാൻ കഴിയും. അത് മാത്രം മികച്ച ഗ്രൗണ്ടുകളെന്ന് പറയാൻ കഴിയുമോ? ഈ സ്റ്റേഡിയങ്ങളിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക പ്രയാസമാണ്. സിക്സും ഫോറും മാത്രമായാൽ ക്രിക്കറ്റിൽ ബൗളർമാരുടെ ജോലി എന്താണെന്നും രാഹുൽ ദ്രാവിഡ് ചോദിച്ചു.
ഒക്ടോബർ എട്ടിന് നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ 199 റൺസ് മാത്രമാണ് അടിച്ചത്. ആദ്യം തകർന്നെങ്കിലും മത്സരം ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചു. ഒക്ടോബർ 14ന് അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ പാകിസ്താനും ഇന്ത്യയ്ക്കെതിരെ 200 റൺസ് എടുക്കാൻ കഴിഞ്ഞില്ല. ഈ മത്സരവും ഇന്ത്യ അനായാസം വിജയിച്ചിരുന്നു.