
പൂനെ: ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുകയാണ് ബംഗ്ലാദേശ്. ലോകകപ്പിൽ ഒരു മത്സരം മാത്രം കളിച്ച രവിചന്ദ്രൻ അശ്വിനും ഇതുവരെ കളിക്കാത്ത മുഹമ്മദ് ഷമിക്കും നാളെ അവസരം ഉണ്ടാകുമോ എന്നാണ് ഇന്ത്യൻ ആരാധകർ ഉറ്റു നോക്കുന്നത്. എന്നാല് ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടീമിൽ മാറ്റം ഉണ്ടാകില്ലെന്നാണ് ബൗളിങ് കോച്ച് പരസ് മാംബ്രെ പറയുന്നത്.
ടീമിന്റെ വിജയത്തുടര്ച്ച നിലനിര്ത്തുക പ്രധാനമാണ്. കളിക്കാരെ മാറ്റുവാനുള്ള ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല. അശ്വിനെയും മുഹമ്മദ് ഷമിയെയും പുറത്തിരുത്തുക എളുപ്പമല്ല. എന്നാല് വ്യക്തികളെക്കാള് ടീമിന്റെ താൽപ്പര്യമാണ് പരിഗണിക്കുന്നത്. ഓരോ സ്റ്റേഡിയവും എതിരാളിയും മുന്നിൽ കണ്ടാണ് ടീമിനെ തിരഞ്ഞെടുക്കുന്നതെന്നും ഇന്ത്യൻ ബൗളിങ് കോച്ച് വ്യക്തമാക്കി.
ലോകകപ്പിൽ ബംഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചതോടെ ന്യുസീലൻഡാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. ഏഷ്യാ കപ്പിൽ ഇന്ത്യയെ തോൽപ്പിച്ച ആത്മവിശ്വാസം ബംഗ്ലാദേശിനുണ്ട്.