
ഐസിസി ഏകദിന ബൗളര്മാരുടെ റാങ്കിങ്ങില് വീണ്ടും ഒന്നാമതെത്തി ഇന്ത്യന് താരം മുഹമ്മദ് സിറാജ്. ഏഷ്യാ കപ്പ് ഫൈനലിലെ മികച്ച പ്രകടനത്തിന്റെ മികവിലാണ് ഒന്പതാം സ്ഥാനത്തായിരുന്ന താരം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. രണ്ടാം തവണയാണ് സിറാജ് ബൗളിങ്ങില് ഒന്നാമതെത്തുന്നത്. ഈ വര്ഷം ജനുവരിയിലാണ് താരം ആദ്യം ഒന്നാം റാങ്കിലെത്തിയത്.
ശ്രീലങ്കക്കെതിരായ കലാശപ്പോരില് 21 റണ്സ് വഴങ്ങി ആറ് വിക്കറ്റ് നേടിയ സിറാജ് ടൂര്ണമെന്റിലാകെ പത്ത് വിക്കറ്റ് നേടിയിരുന്നു. ഏഷ്യാ കപ്പ് ഫൈനലിന് മുന്പ് 637 പോയിന്റായിരുന്നു സിറാജിനുണ്ടായിരുന്നത്. ഫൈനലിലെ തകര്പ്പന് പ്രകടനത്തോടെ ഒറ്റയടിക്ക് 57 പോയിന്റ് സ്വന്തമാക്കി 694 പോയിന്റോടെയാണ് താരം ഒന്നാം റാങ്ക് സ്വന്തമാക്കിയത്.
ഓസ്ട്രേലിയയുടെ ജോഷ് ഹേസല്വുഡിനെ പിന്തള്ളിയാണ് സിറാജ് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. 678 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഹേസല്വുഡ് ഇപ്പോള്. ന്യൂസിലാന്ഡിന്റെ വെറ്ററൻ താരം ട്രെന്റ് ബോള്ട്ട് ആണ് റാങ്കിങ്ങില് മൂന്നാമന്. ഇന്ത്യയുടെ കുല്ദീപ് യാദവ് മൂന്ന് സ്ഥാനം താഴേക്കിറങ്ങി ഒന്പതാമതെത്തി.