
തൃശൂർ: ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് സർക്കാർ നൽകുന്ന സ്വീകരണത്തിൽ പങ്കെടുക്കുമെന്ന് ഒളിംപ്യൻ പി ആർ ശ്രീജേഷ്. സംസ്ഥാനം നൽകുന്ന അംഗീകാരത്തിൽ സന്തോഷമുണ്ട്. അഭിനന്ദനം ലഭിക്കുന്നത് പ്രചോദനമാണ്. പ്രതീക്ഷിച്ച അംഗീകാരം ലഭിക്കാതെ വന്നപ്പോഴുള്ള നിരാശയാണ് താൻ മുമ്പ് പ്രകടിപ്പിച്ചതെന്നും പി.ആർ ശ്രീജേഷ് റിപ്പോർട്ടറിനോട് പറഞ്ഞു.
സംസ്ഥാന കായിക മേളയിലെ കുട്ടികളുടെ പ്രകടനം കാണുമ്പോൾ സന്തോഷമുണ്ട്. കുട്ടികൾക്ക് വേണ്ടത് കൃത്യമായ ഒരു വഴി ഒരുക്കി കൊടുക്കലാണ്. 10-ാം ക്ലാസും പ്ലസ് ടുവും കഴിഞ്ഞ് ഏത് സ്കൂളിൽ പോകണം. സർവ്വകലാശാല തലത്തിൽ എവിടെ പഠിച്ചാൽ ഉയരാൻ കഴിയും. ആ വഴി കുട്ടികൾക്ക് കാണിച്ച് കൊടുക്കണമെന്നും പി ആർ ശ്രീജേഷ് പ്രതികരിച്ചു.
കുട്ടികളുടെ കഴിവിനെ കൂടുതലായി ഉപയോഗിക്കണം. കുറച്ചുകാലം മുന്നോട്ട് പോകുമ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. കായികമേഖല സുരക്ഷിതമെന്ന ബോധ്യം കുട്ടികളിൽ ഉണ്ടാകണം. കായിക മേഖലയോട് ചേർന്ന് നിൽക്കുന്ന ജോലികളെ കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തണം. അങ്ങനെ ഉണ്ടായാൽ കുട്ടികൾ കൂടുതൽകാലം കായിക മേഖലയിൽ നിൽക്കുമെന്നും പി. ആർ ശ്രീജേഷ് വ്യക്തമാക്കി.