
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകളുടെ പൊന്നിൻ ദിനം. 50 മീറ്റർ റൈഫിൾ വ്യക്തിഗത ഇനത്തിൽ ഇന്ത്യൻ താരങ്ങൾക്ക് സ്വർണവും വെങ്കലവും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി. ഇന്ത്യൻ താരം സിഫ്റ്റ് കൗർ സമ്രയ്ക്കാണ് വ്യക്തിഗത ഇനത്തിൽ സ്വർണം. ഇതേ ഇനത്തിൽ ഇന്ത്യയുടെ ആഷി ചൗക്സി വെങ്കല മെഡലും സ്വന്തമാക്കി. ചൈനീസ് താരവുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ അവസാന നിമിഷംവരെ രണ്ടാം സ്ഥാനത്ത് നിന്ന ശേഷമാണ് ചൗക്സി മൂന്നാമതായത്.
469.6 പോയിന്റോടെയാണ് സിഫ്റ്റ് കൗർ സമ്ര സുവർണ നേട്ടം സ്വന്തമാക്കിയത്. ആദ്യ റൗണ്ട് മുതൽ ഇന്ത്യൻ താരം ഒന്നാം സ്ഥാനത്തായിരുന്നു. 451.9 പോയിന്റോടെയാണ് ആഷി ചൗക്സി വെങ്കല മെഡൽ സ്വന്തമാക്കിയത്. ഏഴ് സീരിയസ് ഷൂട്ടിങ്ങ് പിന്നിടുമ്പോഴും ആഷി രണ്ടാം സ്ഥാനത്തായിരുന്നു. എന്നാൽ എട്ടാം സീരിയസിൽ ഇന്ത്യൻ താരം മൂന്നാമത് ആകുകയായിരുന്നു.
ഇന്ന് വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ പൊസിഷനിൽ വെള്ളിമെഡൽ നേടിയ ഇന്ത്യൻ ടീമിലും സിഫ്റ്റ് കൗർ സമ്രയും ആഷി ചൗക്സിയും അംഗങ്ങളായിരുന്നു. ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനം നാല് മെഡൽ ഇന്ത്യ ഇതുവരെ സ്വന്തമാക്കി. രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പടെ നാല് മെഡലുകളും ഷൂട്ടിങ്ങിലാണ് ലഭിച്ചത്. ആകെ ഇന്ത്യയ്ക്ക് 18 മെഡലുകളായി. അഞ്ച് സ്വർണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവുമടക്കം ഇന്ത്യ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്തേയ്ക്ക് മുന്നേറി.