
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് സ്കീറ്റ് ഷൂട്ടിങ്ങ് വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ അനന്ത് ജീത് സിംഗിന് വെള്ളി മെഡൽ. കുവൈറ്റിന്റെ അൽറഷീദി അബ്ദുള്ളയുമായി അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിന് ശേഷമാണ് അനന്ത് ജീത് സിംഗ് രണ്ടാമനായത്. 60 ഷൂട്ടിങ്ങിനൊടുവിൽ 60 തവണയും അൽറഷീദിയുടെ ഷൂട്ടിങ്ങ് ലക്ഷ്യത്തിലെത്തി. എന്നാൽ രണ്ട് തവണ ഇന്ത്യൻ താരത്തിന് ലക്ഷ്യം പിഴച്ചു. 58 തവണ അനന്ത് ജീത് സിംഗ് ലക്ഷ്യം കണ്ടു.
ഷൂട്ടിങ്ങിൽ ഇന്ന് ഇന്ത്യയുടെ ഏഴാം മെഡലാണ്. മുമ്പ് സ്കീറ്റ് ഷൂട്ടിങ്ങിന്റെ ടീം ഇനത്തിൽ അനന്ത് ജീത് സിങ് അടങ്ങുന്ന സഖ്യം വെങ്കല മെഡൽ നേടിയിരുന്നു. 25 മീറ്റർ പിസ്റ്റളിൽ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും ഇന്ത്യ ഇന്ന് മെഡൽ നേടിയിരുന്നു. വനിതകളുടെ 50 മീറ്റർ റൈഫിൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ ഷൂട്ടിങ്ങിലെ മറ്റ് മെഡലുകൾ നേടിയത്.
ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനം ഇന്ത്യ ഇതുവരെ എട്ട് മെഡൽ നേടിക്കഴിഞ്ഞു. അതിൽ ഏഴും ഷൂട്ടിങ്ങിലാണ്. ആകെ ഇന്ത്യയ്ക്ക് 22 മെഡലുകളായി. അഞ്ച് സ്വർണവും ഏഴ് വെള്ളിയും 11 വെങ്കലവുമടക്കം ഇന്ത്യ മെഡൽ പട്ടികയിൽ അഞ്ചാം സ്ഥാനത്തേയ്ക്ക് മുന്നേറി.