യു എസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്

റഷ്യയുടെ ഡാനിൽ മെദ്‍വദേവിനോട് ഏറ്റുമുട്ടിയാണ് നാലാം കിരീടം സ്വന്തമാക്കിയത്
യു എസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്

ന്യുയോർക്: യു എസ് ഓപൺ പുരുഷ സിം​ഗിൾസ് ഫൈനലിൽ നാലാം കിരീടം നേടി സെർബിയൻ ഇതിഹാസം നൊവാക് ജോകോവിച്ച്. റഷ്യയുടെ ഡാനിൽ മെദ്‍വദേവിനോട് ഏറ്റുമുട്ടിയാണ് നാലാം കിരീടം സ്വന്തമാക്കിയത്. നേരിട്ടുളള സെറ്റുകൾക്കാണ് മെദ്‍വദേവിനെ പരാജയപ്പെടുത്തിയത്. സ്കോർ (6-3,7-6,6-3).

ഓപ്പൺ ഇറയിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാമുകൾ നേടുന്ന താരമെന്ന നേട്ടം ഇതോടെ ജോക്കോവിച്ച് സ്വന്തമാക്കി. മാര്‍ഗരറ്റ് കോര്‍ട്ട് സ്വന്തമാക്കിയ ഏറ്റവുമധികം ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ താരത്തിനുള്ള റെക്കോഡിന് ഒപ്പമെത്താൻ നാലാം കിരീട നേട്ടത്തിലൂടെ ജോക്കോവിച്ചിന് കഴിഞ്ഞു. 24 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ഇരുവർക്കുമുള്ളത്. യുഎസ് ഓപ്പണിലെ പ്രായമേറിയ ജേതാവാണ് 36 കാരനായ ജോക്കോവിച്ച്. മെദ്‍വദേവിന് ഇത് അഞ്ചാം ​ഗ്രാൻഡ് സ്ലാം ഫൈനലായിരുന്നു. 2021ലെ ചാമ്പ്യനാണ് ഡാനിൽ മെദ്‍വദേവ്. അന്നും ഫൈനലില്‍ ജോക്കോവിച്ചായിരുന്നു എതിരാളി. എന്നാൽ ഇത്തവണ ജോക്കോക്ക് മുന്നിൽ മെദ്‍വദേവിന് പതറുകയായിരുന്നു.

സെമിഫൈനലിൽ അമേരിക്കൻ താരം ബെൻ ഷെൽട്ടണെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് ജോകോവിച്ച് ഫൈനലിലെത്തിയത്. നിലവിലെ ചാമ്പ്യൻ കാർലസ് അൽകരാസിനെ തോൽപ്പിച്ചാണ് മെദ്‍വദേവ് ഫൈനലിൽ കടന്നത്. ആവേശം നിറഞ്ഞ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് മെദ്‍വദേവ് അൽകരാസിനെ കീഴടക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com