

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി ആണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ചാവിഷയം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രിയങ്ക ചോപ്രയാണ് സിനിമയിൽ നായിക. ഒരു ഇടവേളയ്ക്ക് ശേഷം നടി ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് പറയുകയാണ് പ്രിയങ്ക. സിനിമയുടെ കരാറിൽ ഒപ്പിടുന്നതിന് മുന്നേ തനിക്ക് ചിത്രത്തിൽ നൃത്തം ചെയ്യണം എന്ന് രാജമൗലിയോട് പറഞ്ഞിരുന്നുവെന്ന് പറയുകയാണ് പ്രിയങ്ക.
'ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് വ്യത്യസ്തമാണ് ഈ ചിത്രം. നമ്മൾ അന്റാർട്ടിക്കയിൽ നിന്ന് യാത്ര ചെയ്യുന്നത് പോലെയാണ്… അവൻ സൃഷ്ടിക്കുന്ന ലോകങ്ങൾ ജീവിതത്തേക്കാൾ വളരെ വലുതാണ്, അദ്ദേഹത്തിന്റെ അത്രയും ദീർഘദർശനം മറ്റാർക്കും ഇല്ല. അതിനാൽ കൂടുതൽ കാണാൻ ഞാൻ പോലും ആവേശത്തിലാണ്,' പ്രിയങ്ക പറഞ്ഞു.
'ഞാൻ വീണ്ടും ഇന്ത്യൻ സിനിമകളിലേക്ക് മടങ്ങി വരുകയാണ്. എനിക്ക് ഒരു ഡാൻസ് പാട്ട് ചെയ്യണം. എന്നെ നൃത്തം ചെയ്യിപ്പിക്കണം എന്ന് പറഞ്ഞു.’ സിനിമയിൽ അത് ഞാൻ ചെയ്യുമെന്ന് അറിയാം, പക്ഷേ ഇതുവരെ അത് ഷൂട്ട് ചെയ്തിട്ടില്ല. ശരി, അത് അവസാന ഘട്ടത്തിലുള്ള കാര്യങ്ങളിലൊന്നാണ്, അതിനായി ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പക്ഷേ ഇതിനകം ഒരു പാട്ട് ചെയ്തിട്ടുണ്ട്, അതിലെ കൊറിയോഗ്രഫി ഭീകരമായി സങ്കീർണ്ണമായിരുന്നു. വളരെ സൂക്ഷ്മമായ ചലനങ്ങളാണ് അതിലുണ്ടായിരുന്നത്,' പ്രിയങ്ക കൂട്ടിച്ചേർത്തു.
മന്ദാകിനി എന്നാണ് സിനിമയിൽ പ്രിയങ്കയുടെ ക്യാരക്ടറിന്റെ പേര്. ഏറെക്കാലത്തിന് ശേഷം പ്രിയങ്കാ ചോപ്ര അഭിനയിക്കുന്ന ഇന്ത്യന്‍ ഭാഷാ സിനിമയെന്ന പ്രത്യേകതയും വാരണാസിക്കുണ്ട്. ഹോളിവുഡ് സിനിമകളിലായിരുന്നു നടി ഏറെക്കാലമായി ശ്രദ്ധ നൽകിയിരുന്നത്. അടുത്തിടെയായിരുന്നു സിനിമയുടെ ട്രെയ്ലർ ലോഞ്ച് ബ്രഹ്‌മാണ്ഡമായി നടന്നിരുന്നത്. ആർ ആർ ആർ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയിൽ ആഗോളതലത്തിൽ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടൻ നടത്തിയ ബോഡി ട്രാൻസ്‌ഫോർമേഷൻ ഏറെ ശ്രദ്ധ നേടിയിരുന്നു. എം എം കീരവാണിയാണ് സിനിമയ്ക്ക് സംഗീതം നൽകുന്നത്.ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്.
Content Highlights: Priyanka Chopra opens up about her conversation with S. S. Rajamouli before signing the contract. The discussion reportedly took place in Varanasi. She reveals the key question she asked the director.