എംടി മുതല്‍ ബെന്യാമിന്‍ വരെ; എഴുത്തിന്റെ സിനിമാ സഞ്ചാരം മലയാളത്തില്‍

സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായി സാഹിത്യങ്ങളില്‍ പോലും അപൂര്‍വമായിരുന്ന സമയത്താണ് ഉറൂബിന്റെ 'ഉമ്മാച്ചു' പുറത്തിറങ്ങുന്നത്. പരമ്പാരഗതമായി കൈകാര്യം ചെയ്തിരുന്ന അനാചരങ്ങളെയും രീതികളെയും എതിര്‍ക്കുന്ന ഒരു സ്ത്രീയെ ഉറൂബ് വായനക്കാര്‍ക്ക് നല്‍കിയപ്പോള്‍ അത് പുത്തന്‍ അനുഭവമായി
എംടി മുതല്‍ ബെന്യാമിന്‍ വരെ; എഴുത്തിന്റെ സിനിമാ സഞ്ചാരം മലയാളത്തില്‍

അക്ഷരങ്ങളും ദൃശ്യങ്ങളും ആസ്വാദനത്തിന്റെ രണ്ട് തലങ്ങളെ ഉണര്‍ത്തുന്ന നവ്യാനുഭൂതിയാണ്. അക്ഷരങ്ങളെക്കാള്‍ ദൃശ്യങ്ങള്‍ സംവദിക്കുമെന്നുള്ള പക്ഷക്കാരും അക്ഷരങ്ങളെ തിരശ്ശീലയിലേക്ക് പകര്‍ന്നാടുക സാധ്യമല്ലെന്ന് വാദിക്കുന്നവരുമുണ്ട്. തര്‍ക്കങ്ങളുണ്ടെങ്കിലും സാഹിത്യകൃതികള്‍ സിനിമയായി പരിണമിക്കാതിരുന്നിട്ടില്ല.

വിഖ്യാതമായ സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നമ്മെ അമ്പരിപ്പിച്ച ദൃശ്യാനുഭൂതികള്‍ സമ്മാനിച്ച നിരവധി സിനിമകള്‍ മലയാളത്തില്‍ ഒരുങ്ങിയിട്ടുണ്ട്. ഇതില്‍, പ്രണയത്തിന്റെ തീവ്രാനുഭൂതി സമ്മാനിച്ചവയും വേദനപ്പിച്ചവയും പേടിപ്പിച്ചവും ചിരിപ്പിച്ചവയുമെല്ലാം ഉള്‍പ്പെടുന്നു. എം ടി വാസുദേവന്‍ നായരും തകഴിയും വൈക്കം മുഹമ്മദ് ബഷീറും പെരുമ്പടവം ശ്രീധരനും മുട്ടത്തു വര്‍ക്കിയും പത്മരാജനും അടങ്ങുന്ന ആ വിഖ്യാത രചയിതാക്കളുടെ പട്ടികയിലേക്ക് ബെന്യാമിനും എത്തുകയാണ്.

മലയാളി മനസുകളെ അത്രമാത്രം സ്വാധീനിച്ച, വിസ്മയിപ്പിച്ച ആടുജീവിതം എന്ന നോവല്‍ പ്രേക്ഷകരുടെ മുന്നിലേക്ക് ജീവസുറ്റ കഥാപാത്രങ്ങളായി എത്തുമ്പോള്‍ ആകാംക്ഷകളേറെയാണ്. ഒരു സാഹിത്യ കൃതി സിനിമയാക്കുമ്പോള്‍ സംവിധായകനും തിരക്കഥാകൃത്തും നേരിടേണ്ടി വരുന്ന വെല്ലുവിളി വളരെ വലുതാണ്. അത്തരത്തില്‍ സാഹിത്യ രചനകള്‍ സിനിമയാക്കിയപ്പോള്‍ വിജയിക്കാതെ പോയവയുണ്ട്. ഗംഭീരമായി അവതരിപ്പിച്ച് ആ കൃതിയോട് നീതി പുലര്‍ത്തിയ സിനിമകളുമുണ്ട്.

സ്ത്രീകള്‍ കേന്ദ്ര കഥാപാത്രങ്ങളായി സാഹിത്യങ്ങളില്‍ പോലും അപൂര്‍വമായിരുന്ന സമയത്താണ് ഉറൂബിന്റെ 'ഉമ്മാച്ചു' പുറത്തിറങ്ങുന്നത്. പരമ്പാരഗതമായി കൈകാര്യം ചെയ്തിരുന്ന അനാചരങ്ങളെയും രീതികളെയും എതിര്‍ക്കുന്ന ഒരു സ്ത്രീയെ ഉറൂബ് വായനക്കാര്‍ക്ക് നല്‍കിയപ്പോള്‍ അത് പുത്തന്‍ അനുഭവമായി. ഈ അനുഭവത്തിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു 1971-ല്‍ പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത ഉമ്മാച്ചു. മധുവും ഷീലയും അടൂര്‍ ഭാസിയും വിധുബാലയും ടി ആര്‍ ഓമനയും നെല്ലിക്കോട് ഭാസ്‌കരനും അഭിനയിച്ച് തകര്‍ത്ത ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ഉറൂബിന്റെ മറ്റൊരു കൃതിയായ രാച്ചിയമ്മ, 2021-ല്‍ പുറത്തിറങ്ങിയ 'ആണും പെണ്ണും' എന്ന ആന്തോളജിയിലെ ഒരു കഥയാണ്. പാര്‍വതി തിരുവോത്താണ് 'രാച്ചിയമ്മ'യായി അഭിനയിച്ചത്. വികാര സാന്ദ്രമായ കഥ വളരെ മനോഹരമായി തന്നെയാണ് പുനസൃഷ്ടിച്ചത്.

എം ടിയുടെ എഴുത്തുകള്‍ മാത്രം സിനിമയായിരുന്ന ഒരു കാലഘട്ടം തന്നെ മലയാള സിനിമയ്ക്കുണ്ടായിരുന്നു. ഇരുട്ടിന്റെ ആത്മാവും അസുരവിത്തും ഓപ്പോളും മഞ്ഞും അങ്ങനെ നീളുന്ന എം ടി കൃതികളില്‍ നിന്നെടുത്ത സിനിമകള്‍. ഇനിയും പിറവിയെടുക്കുമോ എന്നുറപ്പില്ലാത്ത രണ്ടാമൂഴം മലയാളികളെ സംബന്ധിച്ച് ഏറെക്കാലമായി നഷ്ടബോധത്തോടെയുള്ള കാത്തിരിപ്പാണ്. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ മാത്രമല്ല മികച്ച തിരക്കഥാകൃത്ത് എന്ന നിലയിലും എം ടി യുടെ സിനിമകള്‍ വളരെ പ്രത്യേകയുള്ളതാണ്.

തകഴി ശിവശങ്കര പിള്ളയുടെ ചെമ്മീനിനെ കുറിച്ച് പറയാതെ എന്ത് മലയാളം ക്ലാസിക് സിനിമ, അല്ലേ. തലമുറകള്‍ എത്ര മാറിയിട്ടും കറുത്തമ്മയും പളനിയും പരീക്കുട്ടിയും ചെമ്പന്‍കുഞ്ഞുമെല്ലാം ഷീലയിലൂടെയും സത്യനിലൂടെയും മധുവിലൂടെയും കൊട്ടാരക്കര ശ്രീധരന്‍ നായരിലൂടെയുമൊക്കയെ ഇന്നും ജീവിക്കുകയാണ്. ഒരു പെരുമഴയത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട് പോയ ഒരു നായക്കുട്ടിയുടെ കഥയറിയുമോ? തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌കാരം പ്രേക്ഷകരെ ഈറനണിയിച്ചിട്ടുണ്ട്.

വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. ഞാന്‍ മരിച്ചതായി നീയും നീ മരിച്ചതായി ഞാനും കരുതിക്കൊള്‍ക. ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക

പത്മരാജന്റെ ലോലയിൽ നിന്ന്

മലയാളത്തില്‍ പ്രണയത്തെയും വിരഹത്തെയും ഇത്രമേല്‍ വൈകാരികമായി അടയാളപ്പെടുത്തിയ മറ്റ് വരികളുണ്ടാവില്ല. പ്രണയമെന്നാല്‍ സ്വന്തമാക്കല്‍ മാത്രമല്ല വിട്ടുകൊടുക്കലിന്റേത് കൂടിയാണ് എന്ന് പറഞ്ഞു പഠിപ്പിച്ച വരികള്‍... ഒരുതലമുറയുടെ ബാല്യവും കൗമാരവും യൗവനവും അടയാളപ്പെടുത്തിയ പത്മരാജന്റെ എഴുത്തുകള്‍ സിനിമയായപ്പോള്‍ പെരുവഴിയമ്പലവും രതിനിര്‍വേദവും തൂവാനത്തുമ്പികളും അരപ്പട്ട കെട്ടിയ ഗ്രാമത്തിലുമെല്ലാം സംഭവിച്ചു. അന്ന് അണ്ടര്‍ റേറ്റഡ് എന്ന് വിശേഷിപ്പിക്കപ്പെട്ട സിനിമകളാണ് പില്‍ക്കാലത്ത് മലയാളത്തിലെ ക്ലാസിക് സിനിമകളുടെ ലിസ്റ്റില്‍ മുന്‍നിരയില്‍ ഇടംപിടിച്ചത്. ഈ സിനിമകളെല്ലാം ഇന്നും എഴുത്തുകാര്‍ക്കിടയില്‍, നിരൂപകര്‍ക്കിടയില്‍ യുവാക്കള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്.

പ്രണയത്തെ തീവ്രമായ ഭാഷയില്‍ അവതരിപ്പിച്ച് ജനമനസുകളില്‍ മാധവിക്കുട്ടിയായി ഇടം നേടിയ കമലാ സുരയ്യയുടെ നഷ്ടപ്പെട്ട നീലാംബരി, മഴ എന്ന സിനിമയിലൂടെ ദൃശ്യാവിഷ്‌കരിച്ചു. നഷ്ട പ്രണയങ്ങളായി സംയുക്ത വര്‍മ്മയും ബിജു മേനോനും തകര്‍ത്തഭിനയിച്ച ചിത്രത്തിന് ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു..

സംഭാഷണ ശൈലിയിലും ശരീര ചലനങ്ങളിലും പ്രശംസയര്‍ഹിക്കുന്ന തരത്തിലുള്ള മാറ്റങ്ങളോടെ ഹരിദാസ് ആയും മുരിക്കുംകുന്നത് അഹമ്മദ് ഹാജിയായും ഖാലിദ് അഹമ്മദ് ആയും മമ്മൂട്ടി നിറഞ്ഞാടിയ സിനിമ, കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതക കഥയുടെ ദൃശ്യാവിഷ്‌കാരമാണ് 2009ല്‍ പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ. ടി പി രാജീവന്റെ അതേ പേരിലുള്ള കഥ സിനിമയായപ്പോള്‍ മലയാള സിനിമയുടെ ലൈബ്രറി ഷെല്‍ഫിലേക്ക് മറ്റൊരു മികച്ച അഡാപ്റ്റഡ് സിനിമ കൂടി ലഭിക്കുകയായിരുന്നു. ടി പി രാജീവന്റെ തന്നെ കെ ടി എന്‍ കോട്ടൂരിന്റെ എഴുത്തും ജീവിതവും എന്ന കൃതി 2014-ല്‍ ഞാന്‍ എന്ന പേരില്‍ റിലീസ് ചെയ്തിരുന്നു.

എം മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയെന്ന് വിശേഷിപ്പിക്കുന്ന ഒന്നാണ് ദൈവത്തിന്റെ വികൃതികള്‍. മായാജാലങ്ങളിലൂടെ വിസ്മയം തീര്‍ക്കുന്ന അല്‍ഫോണ്‍സച്ചന്റെ ദുരന്ത ജീവിതം സിനിമയായപ്പോള്‍ അല്‍ഫോണ്‍സച്ചനായി രഘുവരനും മാഗിയായി ശ്രീവിദ്യയയും അഭിനയിച്ചു. എം മുകുന്ദന്റെ തന്നെ മറ്റ് രണ്ട് കൃതികളില്‍ നിന്നാണ് 2022-ല്‍ പുറത്തിറങ്ങിയ മഹാവീര്യര്‍, 2023 ല്‍ പുറത്തിറങ്ങിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്നീ സിനിമകളുണ്ടായത്.

യുവ വായനക്കാരെയും സിനിമാസ്വാദകരെയും ഒരുപോലെ ആകര്‍ഷിച്ച എഴുത്തുകാരനാണ് ജി ആര്‍ ഇന്ദുഗോപന്‍. സാഹിത്യ ശൈലി വിട്ട് ഉദ്വേഗരചനയിലേക്ക് ഒരുപാട് ചെറുപ്പക്കാരെ എത്തിച്ച ഇന്ദുഗോപന്റെ അഡാപ്റ്റഡ് സ്‌ക്രീന്‍ പ്ലേ ആയിരുന്നു ഒരു തെക്കന്‍ തല്ല് കേസ് എന്ന സിനിമ. അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന ചെറുകഥയെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തില്‍ ബിജു മേനോന്‍ ആയിരുന്നു അമ്മിണിപ്പിള്ള എന്ന കഥാപാത്രമായെത്തിയത്. 80കളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥ തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയിലുള്ള അഞ്ചുതെങ്ങ് എന്ന പ്രദേശത്തെ തീരദേശ മേഖലയില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ്. ചെറുകഥ പോലെ സിനിമയെ ആസ്വദിക്കാന്‍ സാധിച്ചില്ല എന്നും അതല്ല, ഇന്ദുഗോപന്‍ എഴുതിയതിനോട് സിനിമ നീതി പുലര്‍ത്തിയിട്ടുണ്ടെന്നും രണ്ട് അഭിപ്രായങ്ങളുണ്ടായി.

തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറഞ്ഞ ഇന്ദുഗോപന്റെ മറ്റൊരു കൃതിയായിരുന്നു ശംഖുമുഖി. ശംഖുമുഖിക്ക് സിനിമ രൂപമായപ്പോള്‍ പൃഥ്വിരാജ് നായകനായ കാപ്പ എന്ന സിനിമയായി മാറി. ഒരു മാസ് എന്റര്‍ടെയ്‌നര്‍ ശൈലിയിലേക്ക് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

മലയാള സാഹിത്യ കൃതികളില്‍ നിന്നു മത്രമല്ല, ഇന്ത്യന്‍ വിദേശ ഭാഷ സാഹിത്യ കൃതികളില്‍ നിന്നെടുത്ത സിനിമകളും നിരവധിയാണ്. ഷേക്‌സ്പീരിയന്‍ നാടകങ്ങളായ ഓഥല്ലോയും മാക്ക്ബത്തും ജയരാജിന്റെ സംവിധാനത്തില്‍ സിനിമയാക്കി കളിയാട്ടവും വീരവും ആയും ആന്റണ്‍ ചെക്കോവിന്റെ വാങ്ക ശ്യാമപ്രസാദിന്റെ തിരക്കഥയിലൂടെ ഒറ്റാല്‍ എന്ന ചിത്രമായതും അഗത ക്രിസ്റ്റിയുടെ ദ അണ്‍എക്‌സ്‌പെക്ടഡ് ഗസ്റ്റില്‍ നിന്ന് ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ ഗ്രാന്‍ഡ് മാസ്റ്ററുമൊക്കെ ഉദാഹരണങ്ങളാണ്.

വായന ഭാവനയെ ഉത്തേജിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ചിന്തകളെ അതിന്റെ പാരമ്യത്തിലെത്തിക്കാന്‍ പല ഫിക്ഷനുകള്‍ക്കും സാധിക്കുന്നിടത്താണ് അതേ ചിന്തകളെ ക്യാമറകണ്ണുകളിലൂടെ പകര്‍ത്തി സിനിമ എന്ന രൂപത്തിലാക്കുന്നത്. എന്നാല്‍ അത്തരത്തിലെത്തുന്ന എല്ലാ സിനിമകളും വിജയിക്കണമെന്നില്ല, പ്രത്യേകിച്ച് സിനിമയെയും സാഹിത്യത്തെയും ഇഴകീറി പരിശോധിച്ച് വിമര്‍ശിക്കുന്ന ഈ കാലഘട്ടത്തില്‍. അവിടേക്കാണ് ബെന്യാമിന്റെ ആടുജീവിതം എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. വായിച്ച് തീര്‍ന്നാലും വായനക്കാരനെ വിട്ടുപോകാതെ വരച്ചിട്ട ബെന്യാമിന്റെ അക്ഷരങ്ങള്‍ കൊട്ടക മുറയിലേക്കെത്തുമ്പോള്‍ ആകാംക്ഷയുടെ പാരമ്യത്തിലാണ് മലയാള സിനിമ ലോകം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com