പറയാതെ പോയ തമാശകളും, അണിയാതെ പോയ വേഷങ്ങളും; ഇന്നച്ചന്‍ ഓര്‍മ്മകള്‍ക്ക് ഒരു വയസ്

മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നച്ചൻ ഓർമ്മയായിട്ട് ഒരു വര്‍ഷം
പറയാതെ പോയ തമാശകളും, അണിയാതെ പോയ വേഷങ്ങളും; ഇന്നച്ചന്‍ ഓര്‍മ്മകള്‍ക്ക് ഒരു വയസ്

'നിന്റെ അമ്മച്ചി പോയപ്പോൾ എനിക്ക് ജീവിക്കാൻ കൂട്ടായി നീ ഉണ്ട്. ഈ അപ്പൻ പെട്ടെന്ന് അങ്ങ് ചത്തു പോയാലോ', മനസ്സിനക്കരെ എന്ന സിനിമയിൽ ഇന്നസെന്റിന്റെ മത്തായി മാപ്പിള എന്ന കഥാപാത്രം ജയറാമിനോട് പറയുന്ന ഡയലോഗാണിത്. ഇന്ന് ഈ രംഗം കാണുമ്പോൾ ഏതൊരു മലയാളിയുടെയും കണ്ണ് നിറയുന്നത് ആ ഡയലോഗിന്റെ തീവ്രത കൊണ്ട് മാത്രമാകില്ല... ആ ഡയലോഗ് പറഞ്ഞ മലയാളത്തിന്റെ സ്വന്തം ഇന്നസെന്റ് നമുക്കൊപ്പമില്ല എന്ന ഓർമ്മ കൊണ്ടുകൂടിയാകും. അര നൂറ്റാണ്ടിലേറെ സിനിമയ്ക്കകത്തും പുറത്തും മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നച്ചൻ ഓർമ്മയായിട്ട് ഒരു വര്‍ഷം.

മലയാളിക്ക് ആരായിരുന്നു ഇന്നസെന്റ്? ഒരു കാരണവായിരുന്നു, ചിരിപ്പിക്കുന്ന സുഹൃത്തായിരുന്നു, എല്ലാത്തിനുപരി എന്ത് പ്രതിസന്ധിയെയും ധൈര്യമായി നേരിടാമെന്ന് തെളിയിച്ച വ്യക്തിയായിരുന്നു. ആദ്യ കാലത്ത് പട്ടിണിയും പിന്നീട് ക്യാൻസറുമായി വെല്ലുവിളികൾ ഉയർത്തി ജീവിതം വില്ലൻ കളിച്ചപ്പോഴും അതേ 'ഇന്നസെന്റ് ചിരി'യോടെയാണ് അദ്ദേഹം എതിർത്ത് നിന്നത്. ഒടുവിൽ മരണത്തിന് മുന്നിലും ആ പോരാട്ടത്തിന് ഒരു കുറവും അദ്ദേഹം വരുത്തിയില്ല.

1948 മാർച്ച് നാലിന് തെക്കേത്തല വറീതിന്റെയും, മാർഗരീത്തയുടെയും മകനായി തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ഇന്നസെൻറ് ജനിച്ചത്. മുഴുവൻ പേര് ഇന്നസെന്റ് വറീത് തെക്കേത്തല. ബാല്യകാലത്ത് സ്കൂളിലേക്കുള്ള യാത്രയോട് വിമുഖത കാണിച്ചിരുന്നു കുഞ്ഞ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ തന്നെ നർമ്മം നിറഞ്ഞ വിശദീകരണത്തിൽ പറഞ്ഞാൽ 'പഠനം തനിക്ക് ശരിയാകില്ല' എന്ന തോന്നൽ കൊണ്ട് എട്ടാം ക്ലാസ്സിൽ വെച്ച് ഔദ്യോ​ഗിക സ്കൂൾ വിദ്യഭ്യാസം അവസാനിപ്പിച്ചു'. അധികം വൈകാതെ 'യഥാർത്ഥ പഠനം' പൂർത്തിയാക്കുന്നതിനായി മദ്രാസിലേക്ക് ചേക്കേറി. അക്കാലത്ത് സൗത്ത് ഇന്ത്യൻ സിനിമാ മോഹികളുടെ കളരിയായിട്ടാണ് മദ്രാസ് അറിയപ്പെട്ടിരുന്നത്. ആദ്യകാല മദ്രാസ് ദിനങ്ങളിൽ സിനിമയിലെ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി, അഭിനയ ജീവിതത്തിലേക്കുള്ള പരിണാമവും അവിടെ നിന്നു തന്നെയായിരുന്നു.

നടൻ എന്ന നിലയിൽ മികച്ച കഥാപാത്രങ്ങളെ നൽകി എന്നത് മാത്രമല്ല ഇന്നസെന്റിന്റെ സിനിമയ്ക്കുള്ള സംഭാവന. നിർമ്മാതാവ്, ഗായകൻ, കഥാകൃത്ത് എന്നിങ്ങനെയും അദ്ദേഹം എന്നും മലയാളിക്ക് മികച്ച സൃഷ്ടികൾ നൽകി.'വിട പറയും മുമ്പേ', 'ഇളക്കങ്ങൾ', 'ഓർമ്മയ്ക്കായി', 'ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്' തുടങ്ങിയ സിനിമകൾ മലയാളികൾ ഇന്നും ഏറെ ചർച്ച ചെയ്യുന്നതാണെങ്കിലും സാമ്പത്തികമായി വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ അവിടെയും മികച്ച സിനിമകൾ ഒരുക്കാനാണ് അദ്ദേഹം ശ്രമിച്ചത്.

750ൽ അധികം സിനിമകളിൽ ആണ് ഇന്നസെൻ്റ് വേഷമിട്ടത്. സവിശേഷമായ ശരീരഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവും ഇന്നസെൻ്റ് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സ്വീകാര്യമാക്കി. കിലുക്കത്തിലെ കിട്ടുണ്ണി, ‘റാംജി റാവ്‘വിലെ മാന്നാർ മത്തായി, 'അക്കരെ നിന്നൊരു മാരൻ' എന്ന ചിത്രത്തിലെ ശങ്കരൻ തുടങ്ങിയ കഥാപാത്രങ്ങൾക്കൊന്നും മരണമില്ല. 'ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്', 'പൊൻമുട്ടയിടുന്ന താറാവ്', 'സർവകലാശാല' എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിലെ പ്രധാന അധ്യായങ്ങളാണ്. നെഗറ്റീവ് ഷേഡുള്ള ‘മഴവിൽ കാവടി‘യിലെ ശങ്കരൻ കുട്ടി മേനോനിലൂടെ ഇന്നസെൻ്റ് സംസ്ഥാന പുരസ്കാരം നേടി.

അടിച്ചു മോളേ“, “അരമണിക്കൂർ മുൻപേ പുറപ്പെട്ടൂ“, “രാഘവോ“, “ചേട്ടാ കുറച്ചു ചോറിടട്ടെ“ ഈ ഡയലോഗുകൾ പറയാത്ത സൗഹൃദ സദസ്സുകൾ ഉണ്ടാകില്ല. അതുകൊണ്ട് തന്നെയാണ് ഇന്നസെൻ്റ് കഥാപാത്രങ്ങൾക്ക് പകരക്കാരനില്ലാതാകുന്നതും. ‘കല്യാണരാമൻ‘ എന്ന ചിത്രം മാത്രമെടുത്താൽ മതി, നായകനും നായികയും മറ്റ് സഹതാരങ്ങളും തകർത്താടുമ്പോഴും മനസിൽ ആദ്യം വരുന്നത് മിസ്റ്റർ പോഞ്ഞിക്കരയുടെ മുഖമാണ്. കല്യാണരാമൻ്റെ പ്രധാന കഥയെ ഒരുതരത്തിലും ബാധിക്കാതിരുന്ന കഥാപാത്രമായിട്ടും ഇന്നസെൻ്റില്ലാത്ത കല്യാണരാമൻ ചിന്തിക്കാൻ പോലുമാകില്ല.

നടൻ, കഥാകൃത്ത്, നിർമ്മാതാവ്, ഗായകൻ എന്നിങ്ങനെ സിനിമയിൽ സർവ്വവ്യാപിയായി നിൽക്കുമ്പോഴും, സാമൂഹിക-രാഷ്ട്രീയ മേഖലയിൽ സജീവമായിരുന്നു. 22ാം വയസിൽ ആർ എസ് പിയുടെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം സെക്രട്ടറിയായിരുന്നു രാഷ്ട്രീയത്തിലേയ്ക്കുള്ള ചുവടുവയ്പ്. ഇന്നസെന്റെന്ന രാഷ്ട്രീയക്കാരന്റെ ആരംഭവും വളർച്ചയുടെ തുടക്കവുമായിരുന്നു അത്. ഇടതുപക്ഷത്തോട് ചേർന്ന് സഞ്ചരിച്ച ഇന്നസെന്റ് ആർഎസ്പി ടിക്കറ്റിൽ ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിലും മത്സരിച്ചു. ജനപ്രതിനിധിയെന്ന നിലയിൽ ആദ്യ സ്ഥാനം. സിനിമാ മോഹിയായ ഇരിങ്ങാലക്കുടക്കാരൻ ഇതിനിടെ സൗത്ത് ഇന്ത്യയുടെ സിനിമാ പട്ടണമായ മദ്രാസ് ചുറ്റിക്കറങ്ങിയിരുന്നു.

ഇടയിൽ ആർഎസ്പിയുമായുള്ള ബന്ധം വഴിപിരിഞ്ഞു. 2006ലാണ് പൊതുപ്രവർത്തന രംഗത്തേക്ക് ഇന്നസെന്റ് തിരികെയെത്തുന്നത്. 2014ൽ ലെ ലോക്സഭാ ഇലക്ഷനിൽ ഇന്നസെന്റ് എൽഡിഎഫ് സ്വതന്ത്ര സ്താനാർത്ഥിയായി മത്സരിച്ച് ജയിക്കുകയും എംപി ആവുകയും ചെയ്തു.

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ 'അമ്മ' യുടെ പ്രസിഡന്റായും ഇന്നസെൻ്റ് പതിനഞ്ച് വർഷക്കാലത്തോളം സേവനമനുഷ്ഠിച്ചു. 2003 മുതൽ 2018 വരെയുള്ള ഈ കാലയളവിലാണ് ഒരു സംഘടന എന്ന നിലയിൽ ‘അമ്മ‘ ഏറെ വളരുന്നതും.

അണിയാൻ വേഷങ്ങളേറെ, പറയാൻ തമാശകൾ ഏറെ ബാക്കിവെച്ചാണ് മലയാളിയുടെ ഇന്നച്ചൻ കഴിഞ്ഞ വർഷം മാർച്ച് 26 ന് നമ്മേ വിട്ടുപിരിഞ്ഞത്. അതും അർബുദം എന്ന രോഗത്തോട് പല തവണ മല്ലടിച്ച് വിജയിച്ചതിന്റെ ശേഷം. അദ്ദേഹം പോയപ്പോൾ മലയാളിക്കുണ്ടായത് ഒരു വിടവാണ്... മറ്റാർക്കും നികത്താനാകാത്ത വിടവ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com