
'എല്ലാ ശാപവും എന്റെ ശിരസ്സിൽ കുന്നുകൂടട്ടെ. പക്ഷേ അങ്കരാജ്യത്തെ ജനങ്ങൾ, മിണ്ടാപ്രാണികൾ... അവർ എന്ത് തെറ്റ് ചെയ്തു?' അങ്കരാജ്യത്തെ ബാധിച്ച ശാപത്തെക്കുറിച്ച് ലോമപാദൻ രാജപുരോഹിതനോട് ഇങ്ങനെ പറയുമ്പോൾ ഒരു രാജാവ് എന്ന നിലയിൽ തന്റെ പ്രജകളെ രക്ഷിക്കാൻ കഴിയാത്തതിന്റെ എല്ലാ കുറ്റബോധവും ആ വാക്കുകളിൽ തെളിഞ്ഞു കേൾക്കാം, ആ മുഖത്ത് തെളിഞ്ഞു കാണാം. വൈശാലിയിലൂടെ മഹാഭാരതത്തിൽ വേദവ്യാസൻ പറയാൻ ബാക്കിവെച്ചതിൽ നിന്ന് ഒരേടെടുത്ത് എംടിയും ഭരതനും പുതിയൊരു ആഖ്യാനം തീർത്തപ്പോൾ അവിടെ ലോമപാദൻ എന്ന മഹാരാജാവായത് ബാബു ആന്റണിയാണ്. തന്റെ രൂപഭാവങ്ങൾ കൊണ്ട് അദ്ദേഹം ആ കഥാപാത്രത്തെ മികച്ചതാക്കിയപ്പോൾ അതിന് പൂർണ്ണത നൽകിയത് നരേന്ദ്രപ്രസാദ് എന്ന അതുല്യ കലാകാരന്റെ ശബ്ദമാണ്. രാജാവിന്റെ പ്രൗഢിയും അതോടൊപ്പം തന്റെ രാജ്യത്തിന്റെ അവസ്ഥയെ ഓർത്തുള്ള നിസ്സഹായതയും ആ ശബ്ദത്തിൽ നിറഞ്ഞു നിന്നു.
വില്ലൻ കഥാപാത്രങ്ങൾക്ക് പുതിയ മാനം നൽകിയ, സ്വഭാവ വേഷങ്ങളെ കയ്യടക്കത്തോടെ അവതരിപ്പിച്ച, ചിലപ്പോഴൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ച് ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ബഹുമുഖ പ്രതിഭ, അതായിരുന്നു നരേന്ദ്രപ്രസാദ്. അദ്ദേഹം വിടവാങ്ങിയിട്ട് 20 വര്ഷം തികയുകയാണ്. മലയാളി ഒരിക്കലും മറക്കാത്ത ഗാംഭീര്യമുള്ള ശബ്ദം എന്നും അദ്ദേഹത്തിന് ഒരു മുതൽകൂട്ടായിരുന്നു. ആറാം തമ്പുരാനിലെ കൊളപ്പുള്ളി അപ്പൻ ഉൾപ്പടെയുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ മലയാളി എന്നും ഓർത്തിരിക്കുന്നതില് ആ ശബ്ദവും ഒരു കാരണമാണ്. ആ മികവ് തന്നെയാകാം നിരവധി ഡബ്ബിങ് ആർട്ടിസ്റ്റുകളെ തഴഞ്ഞ് ലോമപാദന്റെ ശബ്ദമായി നരേന്ദ്രപ്രസാദിനെ തിരഞ്ഞെടുക്കാൻ ഭരതനെ തോന്നിപ്പിച്ചതും.
വൈശാലിക്ക് മുമ്പും നരേന്ദ്രപ്രസാദിന്റെ ശബ്ദത്തിൽ മറ്റു നടന്മാരുടെ ശക്തമായ കഥാപാത്രങ്ങളുണ്ടായിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ടതാണ് അഥർവ്വം എന്ന ചിത്രത്തിലെ ചാരുഹാസന്റെ കഥാപാത്രം. മന്ത്ര തന്ത്രാദികളെക്കുറിച്ച് വ്യക്തമായ ജ്ഞാനമുളള തേവളളി നമ്പൂതിരിയ്ക്ക് ഇതിലും മികച്ച ശബ്ദം വേറെയില്ല. സിനിമയുടെ ആദ്യ രംഗങ്ങളില് തിലകന്റെ കഥാപാത്രമായ മേക്കാടന് എന്ന ദുർമന്ത്രവാദിയെ തേവളളി നമ്പൂതിരി കാണാൻ പോകുന്ന രംഗമുണ്ട്. അതിന് മുന്നോടിയായി മേക്കാടനാരെന്ന് തേവള്ളി വിവരിക്കുന്നുണ്ട്. 'ഒരു ജന്മം കൊണ്ട്... അല്ല ജന്മാന്തരങ്ങൾ കൊണ്ട് നേടിയ ആഭിചാര ഉപാസനാമൂർത്തികളെ മുഴുവൻ ആ കർമ്മി ശിഷ്യന് കനിഞ്ഞു നൽകി. ഒന്നും അഭ്യസിക്കുന്നതിൽ തെറ്റില്ല. എന്നാൽ മേക്കാടൻ അഭ്യസിക്കുക മാത്രമല്ല പണത്തിനും സ്വാർത്ഥ ലാഭങ്ങൾക്കും വേണ്ടി അതൊക്കെ അനുഷ്ഠിക്കുകയും ചെയ്തു' എന്ന് നരേന്ദ്രപ്രസാദിന്റെ ശബ്ദത്തിലൂടെ തേവള്ളി പറയുമ്പോൾ മേക്കാടനെക്കുറിച്ച് ഭീകരവും ശക്തവുമായ ഒരു രൂപം പ്രേക്ഷകർക്ക് ലഭിക്കും.
നരേന്ദ്രപ്രസാദ് ശബ്ദം നൽകിയ മറ്റൊരു ശ്രദ്ധേയ കഥാപാത്രമായിരുന്നു ചിത്രം എന്ന സിനിമയിലെ രാമചന്ദ്ര മേനോൻ. പൂർണ്ണം വിശ്വനാഥൻ എന്ന കലാകാരനാണ് ആ കഥാപാത്രത്തെ സ്ക്രീനിൽ അവതരിപ്പിച്ചത്. മകളെ ഏറെ സ്നേഹിക്കുന്ന, മകൾക്കും ഭർത്താവിനുമൊപ്പം ഒരു അവധിക്കാലം ആഘോഷിക്കാൻ വരുന്ന രാമചന്ദ്ര മേനോനെ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് 'വിഷ്ണൂ...' എന്ന് വിളിക്കുന്ന നരേന്ദ്രപ്രസാദിന്റെ ശബ്ദം തന്നെയായിരിക്കും.
പുരാണങ്ങളിലെ ഗന്ധർവ്വനെന്ന സങ്കൽപ്പത്തിന് പദ്മരാജൻ മനുഷ്യഭാവം നൽകിയ ചിത്രമായിരുന്നു ഞാൻ ഗന്ധർവ്വന്. ആ സിനിമയിൽ ബ്രഹ്മാവ് എന്ന ശബ്ദ സാന്നിധ്യമായെത്തിയത് നരേന്ദ്രപ്രസാദായിരുന്നു. ദേവലോകത്തെ നിയമങ്ങൾ തെറ്റിച്ച ഗന്ധർവ്വന് മുന്നിൽ 'സൂര്യനിലെ അഗ്നിയുടെ മൂർത്തിമദ് ഭാവമായ ഗന്ധർവ്വാ...' എന്ന് വിളിച്ചുകൊണ്ട്, ഒരു വെളിച്ചമായി ബ്രഹ്മാവ് പ്രത്യക്ഷപ്പെടുന്നു. സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്നു ചോർത്തി കളഞ്ഞിരിക്കുന്നു ചന്ദ്രസ്പർശമുള്ള രാത്രികൾ. നിനക്കു ഇനി ആകെയുള്ളത് ഈ രാത്രി മാത്രമാണ്. രാത്രിയുടെ പതിനേഴാമത്തെ യാമത്തിൽ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ ഭൂമിയിൽ നിന്നു യാത്രയാകും. ഒന്നിനും നിന്നെ തിരികെ വിളിക്കാനാവില്ല' എന്ന് ആ ശബ്ദം താക്കീത് നൽകുന്നു. ഒരു താക്കീത് എങ്കിൽ പോലും അവിടെയും താൻ സൃഷ്ടിച്ചവയോടുള്ള ഒരു വാത്സല്യവും ആ ശബ്ദത്തിൽ നമുക്ക് കേൾക്കാൻ കഴിയും. ബ്രഹ്മാവിന്റെ ശക്തി എന്തെന്ന് നരേന്ദ്രപ്രസാദിന്റെ ശബ്ദത്തിലൂടെ തന്നെ മനസ്സിലാകും. ഒരു രൂപം പോലുമില്ലാതെ ശബ്ദത്തിലൂടെ മാത്രം ആ കഥാപാത്രത്തിന് അദ്ദേഹം പൂർണ്ണത നൽകി.
മലയാളി ഒരിക്കലും മറക്കാത്ത ശബ്ദമാണ് നരേന്ദ്രപ്രസാദിന്റേത്. എന്നാൽ ആ ശബ്ദത്തിൽ വൈശാലിയിലെ ലോമപാദനോ ചിത്രത്തിലെ രാമചന്ദ്ര മേനോനോ സംസാരിച്ചപ്പോൾ, പ്രേക്ഷകർ നരേന്ദ്രപ്രസാദിനെ കണ്ടില്ല. ബാബു ആന്റണിക്കും ചാരുഹാസനും പൂർണ്ണം വിശ്വനാഥനുമെല്ലാം ആ ശബ്ദം മനോഹരമായി ഇഴുകി ചേർന്നു നിന്നു. ഒരു അഭിനേതാവ് എന്നതിൽ ഒതുങ്ങി നിൽക്കാതെ ശബ്ദത്തിലൂടെ മറ്റു കഥാപാത്രങ്ങൾക്ക് ജീവന് നൽകിയ ബഹുമുഖ പ്രതിഭ, അതായിരുന്നു നരേന്ദ്രപ്രസാദ്.