Top

'കാന്‍ഡിഡ് ഫോട്ടോഷൂട്ടിനിടെ' പ്രധാനമന്ത്രി ഷാള്‍ മാറി വന്നോ? സ്‌പോട് ദി ഡിഫറന്‍സ് പരിഹാസവുമായി കോണ്‍ഗ്രസ്‌

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ എയർ ഇന്ത്യ വിമാനത്തിനകത്ത് ഫയലുകള്‍ പരിശോധിക്കുന്ന പ്രധാമന്ത്രിയുടെ ചിത്രങ്ങളും ഇതേ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായിരുന്നു

22 Nov 2021 10:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാന്‍ഡിഡ് ഫോട്ടോഷൂട്ടിനിടെ പ്രധാനമന്ത്രി ഷാള്‍ മാറി വന്നോ? സ്‌പോട് ദി ഡിഫറന്‍സ് പരിഹാസവുമായി കോണ്‍ഗ്രസ്‌
X

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പുതിയ ചിത്രങ്ങളേറ്റെടുത്ത് സോഷ്യല്‍ മീഡിയ. ഇരുവരും ഞായറാഴ്ച തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകം ട്വിറ്ററില്‍ ട്രെൻഡായി മാറുകയും ചെയ്തു. ഇരു നേതാക്കളും സംസാരിച്ചുകൊണ്ടു നടക്കുന്നതിന്റെ രണ്ട് കാന്‍ഡിഡ് ചിത്രങ്ങളായിരുന്നു ഇവ.

'ഞങ്ങൾ ഒരു യാത്ര ആരംഭിച്ചിരിക്കുയാണ്. ഞങ്ങളുടെതായ എല്ലാം അതിനായി സമർപ്പിച്ചു കഴിഞ്ഞു, പുതിയ വെളിച്ചം കൊണ്ട് ആകാശത്തിനപ്പുറം ഉയരങ്ങളെ തൊടുന്ന ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ ഞങ്ങൾ പ്രതിജ്ഞയെടുത്തു കഴിഞ്ഞു' യോഗി ആദിത്യനാഥ് ചിത്രം പങ്കുവെച്ച് ട്വിറ്ററില്‍ കുറിച്ചു. പിന്നാലെ മന്ത്രിമാരും എംപിമാരുമുള്‍പ്പടെയുള്ള ബിജെപി നേതാക്കളും ചിത്രങ്ങള്‍ പങ്കുവെച്ചു.

"പുതിയ യുപിയും പുതിയ ഇന്ത്യയും കെട്ടിപ്പടുക്കാനുള്ള ചുമതല അർപ്പിതമായ ശക്തമായ നേതൃത്വം..." ചിത്രം റീട്വീറ്റ് ചെയ്ത ബിജെപി ദേശീയ വൈസ് പ്രസിഡന്റും യുപിയുടെ ചുമതലയുമുള്ള രാധാ മോഹൻ സിംഗ് ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, രണ്ട് ചിത്രങ്ങളിലെയും ഒരു പ്രത്യേക വ്യത്യാസമാണ് സോഷ്യല്‍ മീഡിയയുടെയും പ്രതിപക്ഷത്തിന്റെയും കണ്ണില്‍പ്പെട്ടത്. ചിത്രങ്ങളിലൊന്നില്‍ ഷാള്‍ ധരിച്ചിരിക്കുന്ന പ്രധാനമന്ത്രി അടുത്ത ചിത്രത്തില്‍ മറ്റൊരു ധോത്തി കഴുത്തിലിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മോദിജിയുടെ പതിവ് പിആർ ഫോട്ടോഷൂട്ടുകളിലൊന്നുമാത്രമാണ് ഇതെന്നാണ് ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.

'ഒരു ചിത്രത്തില്‍ അംഗോച്ച ധരിച്ചിരിക്കുന്ന മോദിജി അടുത്ത ചിത്രത്തില്‍ ഷാള്‍ ധരിച്ചാണ് എത്തിയിരിക്കുന്നത്. രണ്ടാം ചിത്രത്തില്‍ അദ്ദേഹത്തിന്റെ മുഖത്തെ അസ്വസ്ഥതയും പ്രകടമാണ്. ഈ ചിത്രത്തിലൂടെ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടായിരിക്കുന്നതെന്നും'- കോൺഗ്രസ് വക്താവ് സുപ്രിയ ഷിന്റേ ട്വീറ്റ് ചെയ്തു. ചിത്രങ്ങള്‍ ട്വീറ്റഅ ചെയ്ത യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ബി വി ശ്രീനിവാസിന്റെത് സ്പോട്ട് ദി ഡിഫറന്‍സ് പരിഹാസമായിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ എയർ ഇന്ത്യ വിമാനത്തിനകത്ത് ഫയലുകള്‍ പരിശോധിക്കുന്ന പ്രധാമന്ത്രിയുടെ ചിത്രങ്ങളും ഇതേ രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. 'നീണ്ട യാത്രയ്ക്കിടെ അല്‍പം ജോലികൂടി' എന്ന ക്യാപ്ഷനോടെ പ്രധാനമന്ത്രി പങ്കുവെച്ച ചിത്രം വലിയ രീതിയില്‍ ട്രോളുചെയ്യപ്പെട്ടിരുന്നു.



Next Story

Popular Stories