Top

ഖത്തറില്‍ നേരിട്ടെത്താതെ തന്നെ പിസിസി ലഭ്യമാക്കാം; പ്രവാസം മതിയാക്കിയവര്‍ക്കും സേവനം

രാജ്യത്ത് നേരിട്ടു പ്രവേശിക്കാതെ തന്നെ ഖത്തറിലുള്ള സുഹൃത്തുക്കള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവര്‍ മുഖേന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാം

18 March 2023 8:42 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഖത്തറില്‍ നേരിട്ടെത്താതെ തന്നെ പിസിസി ലഭ്യമാക്കാം; പ്രവാസം മതിയാക്കിയവര്‍ക്കും സേവനം
X

ദോഹ: രാജ്യത്തുനിന്നും മടങ്ങിയ പ്രവാസികള്‍ക്ക് നേരിട്ടെത്താതെ തന്നെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി ഖത്തര്‍. ഖത്തറില്‍ നിന്നും പ്രവാസം മതിയാക്കി മടങ്ങിയവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ ജോലിയുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് പ്രവേശിക്കാനാണ് ഇത്തരത്തില്‍ പിസിസി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുന്നത്. ഇത്തരം അപേക്ഷകര്‍ക്ക്രാജ്യത്ത് നേരിട്ടു പ്രവേശിക്കാതെ തന്നെ ഖത്തറിലുള്ള സുഹൃത്തുക്കള്‍, അംഗീകൃത ഏജന്‍സികള്‍ എന്നിവ മുഖേന പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷിക്കാം. ഐഡി റദ്ദാക്കാതെ മടങ്ങിയവര്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് മുഖേന നേരിട്ടും അപേക്ഷിക്കാവുന്നതാണ്. ഇന്ത്യയിലെ ഖത്തര്‍ എംബസിയിലും പിസിസിക്കായി അപേക്ഷിക്കാവുന്നതാണ്.

ഖത്തര്‍ ഇന്റീരിയര്‍, ക്രിമിനല്‍, എവിഡന്റ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ മന്ത്രാലയത്തിന്റെ വിലാസത്തില്‍ നേരിട്ടും പിസിസിക്കായി അപേക്ഷിക്കാം. ആവശ്യമായ രേഖകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടത്. പിസിസി, അപേക്ഷകന്റെ മേല്‍വിലാസത്തില്‍ നേരിട്ട് ലഭ്യമാകും. ഖത്തറില്‍ താമസിക്കുന്ന ബന്ധുവോ സുഹൃത്തോ മുഖേനയും പിസിസിക്ക് അപേക്ഷിക്കാം. ഇവര്‍ക്ക് അപേക്ഷിക്കുന്നതിനുള്ള പവര്‍ ഓഫ് അറ്റോര്‍ണി അപേക്ഷകന്‍ നല്‍കണം. ഖത്തറില്‍ താമസിക്കുന്ന സുഹൃത്ത്/ ബന്ധുവിന്റെ ഐഡി, പാസ്‌പോര്‍ട്ട് നമ്പര്‍ എന്നിവ രേഖകള്‍ക്കൊപ്പം നല്‍കണം. ഇത്തരത്തില്‍ തയ്യാറാക്കുന്ന പവര്‍ ഓഫ് അറ്റോര്‍ണി കേന്ദ്ര വിദേശകാര്യമന്ത്രാലയം, ഖത്തര്‍ എംബസി, ഖത്തര്‍ വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളില്‍ അറ്റസ്റ്റേഷന്‍ പൂര്‍ത്തിയാക്കണം. ഇത്തരത്തില്‍ അറ്റസ്റ്റേഷന്‍ നടപടി പൂര്‍ത്തീകരിക്കുന്നതിന് അംഗീകൃത ഏജന്‍സികളുടെ സേവനം ലഭ്യമാണ്.

പവര്‍ഓഫ് അറ്റോര്‍ണി, അപേക്ഷകന്റെ ഐഡി പകര്‍പ്പ്, പാസ്‌പോര്‍ട്ടിന്റെ കോപ്പി, എന്‍ട്രി-എക്‌സിറ്റ് വിസാ പേജുകളുടെ കോപ്പി, വിസ റദ്ദാക്കിയ പേജിന്റെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളാണ് പിസിസിക്കായി അപേക്ഷിക്കുന്നതിന് ആവശ്യം. പത്ത് റിയാലാണ് അപേക്ഷാ ഫീസ്.

STORY HIGHLIGHTS: Expatriates who have returned from Qatar will get police clearance certificate

Next Story