മുപ്പതുവര്‍ഷത്തെ പ്രവാസത്തിന് വിരാമം, കൊടുങ്ങല്ലൂരിലെ വിശ്രമ ജീവിതത്തിനൊരുങ്ങി മുഹമ്മദ്
പ്രവാസവും സേവനവും മുതല്‍കൂട്ടാക്കിയ ഒരു വ്യക്തി
26 April 2022 7:01 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പ്രവാസി ആയ ഏതൊരു വ്യക്തിയും തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങണമെന്നും കുടുംബവും ബന്ധങ്ങളും സൗഹൃദങ്ങളുമായി ഒന്നിച്ചു ജീവിക്കണമെന്നും ആഗ്രഹിക്കുന്നവരാണ്. മുപ്പത് വര്‍ഷത്തെ പ്രവാസം നല്കിയ നിരവധി അനുഭവങ്ങള്‍ മുതല്‍കൂട്ടാക്കി ഒരു മലയാളി വിവിധ രാജ്യങ്ങളിലായുള്ള ഈ നീണ്ട പ്രവാസം മതിയാക്കി വിശ്രമ ജീവിതത്തിനൊരുങ്ങുകയാണ്.
തന്റെ സ്വകാര്യ കമ്പനിയിലെ ജോലി തിരക്കുകള്‍ക്കൊപ്പം സാംസ്കാരിക സന്നദ്ധ സേവന രംഗങ്ങളിലെല്ലാം നിറഞ്ഞു നിന്ന കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി മുഹമ്മദാണ് തന്റെ പ്രവാസം മതിയാക്കി മടങ്ങാനൊരുങ്ങുന്നത്. നാടകവും സന്നദ്ധസേവനവുമായിരുന്നു മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തില്‍ അദ്ദേഹത്തിന് സന്തോഷം നല്‍കിയിരുന്നത്. പ്രവാസ ജീവിതത്തിന് നാളെയോടെ തിരശ്ശീല വീഴുമ്പോള്‍ ബഹ്റൈനിലാണ് മുഹമ്മദുള്ളത്. ബഹ്റൈനിലെ സെയില്‍സ് സൂപ്പര്‍വൈസറില്‍ നിന്നും ഡീലര്‍ മാനേജര്‍ വരെ എത്തി നില്ക്കുന്ന മുപ്പതു വര്‍ഷത്തെ പ്രവര്‍ത്തന പ്രാവിണ്യവും നിശ്ചയബോധവും പ്രവാസിയനുഭവങ്ങളും മറ്റു പ്രവാസി സുഹൃത്തുക്കള്‍ക്കുള്ള വെളിച്ചമാണ്.
2006 ലാണ് ബഹ്റൈനില്‍ മുഹമ്മദ് എത്തുന്നത്. ഇതിന് മുന്‍പ് ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും 20 വര്‍ഷം ജോലിചെയ്തു. അല്‍ ഹവാജ് ഗ്രൂപ്പ് കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍വൈസറായാണ് ബഹ്റിനില്‍ തുടക്കംകുറിച്ചത്. യുണൈറ്റഡ് കൊമേഴ്സ്യല്‍ എന്‍ജിനിലും ഹോംടെക്കിലും പിന്നീട് ജോലി ചെയ്തിരുന്നു. സലാം ഗാസ ഇലക്ട്രോണിക്സ് ഡീലര്‍ മാനേജറായാണ് നാളെ വിരമിക്കുക.
ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ്, ഏരിയ പ്രസിഡന്റ്, കേന്ദ്ര കൂടിയാലോചന സമിതി അംഗം, സോഷ്യല്‍ വെല്‍ഫെയര്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി എന്നിങ്ങനെ മലയാളി സുഹൃത്തുക്കളിലേക്കിറങ്ങി നിന്നിരുന്ന പ്രവര്‍ത്തകനാണ് മുഹമ്മദ്. കലയോടും അടുത്തിടപ്പെട്ടിരുന്ന ഇദ്ദേഹം ഫ്രണ്ട്സ് കലാവിഭാഗമായ സര്വ്വവേദിയുടെ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
കൊടുങ്ങല്ലൂരിലെ വിശ്രമജീവിതത്തിനായി ഭാര്യ സെമിന മുഹമ്മദും കാത്തിരിക്കുകയാണ്. മക്കളില്‍ ഒരാളായ സഫ്റിന്‍ മുഹമ്മദ് ഖത്തറിലാണ്. റുഖിയ നൗറിന്, അയിഷ നസ്റിന് എന്നിവരാണ് മറ്റു മക്കള്‍.
STORY HIGHLIGHTS: ENDING THIRTY YEARS OF EXILE,MUHAMMED READY FOR LEISURE LIFE IN KODUNGALUR