Top

'തെരഞ്ഞെടുപ്പില്‍ പൊട്ടിപാളീസാണ് കോണ്‍ഗ്രസ്, പുതിയ നേതൃത്വം കഴിവ് തെളിയിക്കട്ടെ'; പിണറായി വിജയനെ പരാമര്‍ശിച്ചും റിജില്‍ മാക്കുറ്റി

പുതിയ നേതൃത്വത്തിന് ഉത്തരവാദിത്വം ഉണ്ടെന്നും റിജില്‍

29 Aug 2021 7:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പില്‍ പൊട്ടിപാളീസാണ് കോണ്‍ഗ്രസ്, പുതിയ നേതൃത്വം കഴിവ് തെളിയിക്കട്ടെ; പിണറായി വിജയനെ പരാമര്‍ശിച്ചും റിജില്‍ മാക്കുറ്റി
X

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ നടക്കുന്ന ചേരിതിരിഞ്ഞുള്ള പ്രതികരണത്തില്‍ പാര്‍ട്ടി വീണ്ടും പരിഹാസകഥാപാത്രങ്ങളാവും എന്നല്ലാതെ ആര്‍ക്കും ഗുണം ചെയ്യില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊട്ടിപാളീസായ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതിനെ തിരിച്ചുകൊണ്ടുവരാന്‍ പുതിയ നേതൃത്വത്തിന് ഉത്തരവാദിത്വം ഉണ്ടെന്നും റിജില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്ത് തുടര്‍ഭരണം നേടിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഇഷ്ടക്കാരല്ലാത്തവരെ വെട്ടിമാറ്റിയപ്പോള്‍ ഒരാള്‍ പോലും പരസ്യപ്രതികരണവുമായി രംഗത്തെത്തിയില്ലെന്നും എന്തുപറയാം എന്നുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് ഈ നിലയില്‍ എത്തിയതെന്നും റിജില്‍ വിമര്‍ശിച്ചു.
റിജില്‍ മാക്കുറ്റിയുടെ പ്രതികരണത്തിന്റെ പൂര്‍ണരൂപം-
നൂറു സീറ്റില്‍ കേരളം ഭരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ് എന്ന ധാരണയിലാണ് ഇപ്പോഴും വിഴുപ്പലക്കലുമായി മുന്നോട്ട് വരുന്നതെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധി. പൂരം നടത്താനുള്ള പറമ്പ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല.
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലും നിയസഭ തിരഞ്ഞെടുപ്പിലും പൊട്ടി പാളീസായ പാര്‍ട്ടിയെ തിരിച്ച് കൊണ്ടുവരാന്‍ ആണ് കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം പുതിയ ടീമന് ഉത്തരവാദിത്വം നല്‍കിയത്. തുടര്‍ ഭരണം നേടിയ പിണറായി നിയസഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ഭരണം വീണ്ടും കിട്ടയപ്പോള്‍ തന്റെ ഇഷ്ടക്കാര്‍ അല്ലാത്ത മുഴുവനാളുകളെയും വെട്ടിമാറ്റിയപ്പോള്‍ ഒരാള്‍ പോലും പരസ്യ പ്രതികരണവും ആയി വന്നില്ല.
ഇവിടെ ആണെങ്കിലോ കോണ്‍ഗ്രസ്സ് വലിയ ജനാധിപത്യ പാര്‍ട്ടിയാണ് അഭിപ്രായ സ്വതന്ത്ര്യമുള്ള പാര്‍ട്ടിയാണ്. അതു കൊണ്ട് എന്തും പറയാം. ഇതൊക്കെ ഉള്ളത് കൊണ്ടാണ് പാര്‍ട്ടി ഈ നിലയില്‍ എത്തിയത് .അതുകൊണ്ട് പുതിയ നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള അവസരം കൊടുക്കുക. അവര്‍ കഴിവ് തെളിയിക്കട്ടെ. അതല്ലേ ഒരു നാട്ട് നടപ്പ്.
എന്നെ തല്ലണ്ട അമ്മാവാ ഞാന്‍ നന്നാകൂല എന്ന് തിരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ സാധിക്കും. ജനങ്ങളുടെ മുന്നില്‍ ഈ പാര്‍ട്ടി വീണ്ടും പരിഹാസകഥാ പത്രമാക്കി മാറും എന്നല്ലാതെ ആര്‍ക്കും ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ല.


Next Story

Popular Stories